ന്യൂഡൽഹി: ശബരിമലയിലേതിന് സമാനമായി പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങളുമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വിയാണ് കോടതിയിൽ ഇക്കാര്യം പറഞ്ഞത്.

ആചാരമോ വിശ്വാസമോ പഴക്കത്തിന്റെ തെളിവ് പരിശോധിച്ച് വിലയിരുത്തേണ്ടതല്ലെന്നും സിങ്‌വി വാദിച്ചു. രാജ്യത്തെ ക്ഷേത്രങ്ങളിൽ നൂറ് കണക്കിന് വിശ്വാസങ്ങളാണ് ആചരിക്കുന്നത്.  ഇവയെ എല്ലാം ഭരണഘടനയുടെ ധാർമ്മികതയ്ക്ക് കീഴിൽ കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാദത്തിനിടെ മുസ്ലിം പളളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ അനുച്ഛേദം 25 ഉം 26 ഉം പറയുന്നത് ഏതെങ്കിലും ആചാരം തെറ്റോ ശരിയോ എന്നല്ല മറിച്ച് നൂറ്റാണ്ടുകളായി പാലിക്കപ്പെടുന്ന ആചാരങ്ങളെ കുറിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.

ലിംഗസമത്വമല്ല കേസിന്റെ യഥാർത്ഥ ഉദ്ദേശം എന്ന് അദ്ദേഹം പറഞ്ഞു.  എന്നാൽ പരാതിക്കാർ അവരുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്ന് വാദിച്ചാൽ അതിന്റെ കുറ്റം താങ്കൾക്കായിരിക്കുമെന്ന് വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ആർഎഫ് നരിമാൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച കേസിൽ വാദം കേട്ടപ്പോൾ, പ്രാർത്ഥിക്കാൻ പുരുഷന്മാർക്ക് ഉളള അതേ അവകാശം സ്ത്രീകൾക്കും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.  ഇത് ഏതെങ്കിലും നിയമത്തെ ബന്ധപ്പെടുത്തിയുളളതല്ലെന്നും മറിച്ച് മൗലികാവകാശമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

കേസിൽ നിരവധി വനിത പ്രവർത്തകരാണ് ശബരിമല പ്രവേശനത്തിന് അനുമതി തേടിയിട്ടുളളത്. ദേവസ്വം ബോർഡിന്റെ നിലപാടിന് വിരുദ്ധമായി, സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാണ് കേരള സർക്കാർ കോടതിയിൽ നിലപാടെടുത്തത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.