scorecardresearch
Latest News

അയ്യപ്പന്റെ സന്നിധി പോലും ക്രിമിനലുകളുടെ ക്യാമ്പ്‌ ആയിത്തീര്‍ന്നു: പിണറായി വിജയന്‍

ജാതിവിവേചനത്തിനെതിരായ നിരന്തര സമരങ്ങളിലൂടെയാണു കേരളമുയർന്നുവന്നത്. സുപ്രീം കോടതി വിധിക്കെതിരായി നടക്കുന്ന ഈ പ്രക്ഷോഭം തീർച്ചയായും, ആ ഇരുണ്ട ദിനങ്ങളിലേയ്ക്കുള്ള ഒരു മടങ്ങിപ്പോക്കാണ്

Kerala Floods UAE 700 Crores Pinarayi Vijayan
Kerala Floods UAE 700 Crores Pinarayi Vijayan

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമല പ്രവേശനം സാധ്യമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുവാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനും അതുവഴി രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിനുമായി ഭക്തരെ പ്രകോപിപ്പിക്കുന്നതിനാണു ചില ശക്തികൾ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  ലിസ് മാത്യുവിനു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ശബരിമല പ്രശ്നത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കുവാൻ കേരള സർക്കാരിനുത്തരവാദിത്തമുണ്ട്. ഇതിത്രയും കോളിളക്കമുണ്ടാക്കുന്ന വിവാദമായതെങ്ങനെയാണെന്നാണു താങ്കൾ കരുതുന്നത്?

=സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ, മറ്റൊരു മാർഗ്ഗം കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ സർക്കാരിനില്ലെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഞാൻ കരുതുന്നു. ഇതു പറഞ്ഞുകൊണ്ട്, ഇപ്പൊഴത്തെ കോലാഹലത്തിലേയ്ക്കു വരാം. 10 നും 50 നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളെ ശബരിമല സന്നിധാനത്തിൽ നിന്നു വിലക്കിക്കൊണ്ട്, 1991 ൽ, കേരള ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചതാണു കേസിന്റെ തുടക്കം. ചില വ്യക്തികളും സംഘടനകളും ഈ വിധിയെ സുപ്രീം കോടതിയിൽ എതിർക്കുവാൻ തീരുമാനിച്ചു. ഒരു ദശകത്തിലേറെ നീണ്ടു നിന്ന വാദങ്ങൾക്കു ശേഷം, സുപ്രീം കോടതിയുടെ കോൺസ്റ്റിറ്റ്യൂഷൻ ബഞ്ച് ഒരു തീർപ്പിലെത്തി. ഈ നിയമയുദ്ധത്തെ മുൻപോട്ടു കൊണ്ടുപോകുന്നതിൽ കേരള സർക്കാർ ഒരു കാരണമായിരുന്നില്ല. 1991 ൽ ഹൈക്കോടതി വിധി പ്രസ്താവിച്ചപ്പോൾ ഞങ്ങളത് അനുസരിച്ചു. അതിനു ശേഷം വന്ന എല്ലാ ഇടതു സർക്കാരുകളും ഹൈക്കോടതി വിധിയ്ക്ക് അനുകൂലമായിത്തന്നെയാണു നിന്നതെന്ന് അടിവരയിട്ടു പറയുന്നു. കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ, വിധി എന്തായാലും സർക്കാർ അതനുസരിക്കുമെന്നു മാത്രമാണു ഞങ്ങൾ അറിയിച്ചത്. ഇപ്പോൾ, സുപ്രീം കോടതി, പരാതിക്കാർക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഞങ്ങൾക്കത് നടപ്പാക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. നിങ്ങളുടെ ചോദ്യത്തിലെ വിവാദഭാഗത്തെക്കുറിച്ചു പറഞ്ഞാൽ, നിക്ഷിപ്തതാല്പര്യങ്ങളാണതിനെ വിവാദമാക്കിയത്, സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുവാൻ അവരാഗ്രഹിക്കുന്നു.

ആ നിക്ഷിപ്ത താൽപര്യങ്ങൾ ഒന്നു വിശദീകരിക്കാമോ?

=ആർഎസ്എസും കോൺഗ്രസ്സും ഉൾപ്പെട്ട എല്ലാ സംഘടനകളും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. ആർഎസ്എസ് പരസ്യപ്രസ്താവനകൾ തന്നെ നടത്തി, അതേ ശബ്ദം സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി നേതാക്കൾ പ്രതിധ്വനിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതി വിധിയോട് ചേർന്നു നിൽക്കുന്നു എന്നു കോൺഗ്രസ്സും വ്യക്തമാക്കി. വിധിയ്ക്കു ശേഷം ആദ്യം വന്ന എഐസിസി പരാമർശം, അതിനെ ചരിത്രപരം എന്നാണു വിശേഷിപ്പിച്ചത്. സംസ്ഥാനതലത്തിലെ മുതിർന്ന നേതാക്കളും വിധിയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ കോൺഗ്രസ്സും ബിജെപിയും പിന്നീട് മലക്കം മറിയുകയും സുപ്രീം കോടതി വിധിക്കെതിരായി രംഗത്തു വരികയും ചെയ്തു. ആചാരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക എന്നത് സുപ്രീം കോടതിയുടെ നിയമപരിധിയിൽ വരുന്നതല്ലെന്ന അവകാശവാദം പോലും അവരുന്നയിച്ചു. സർക്കാരിൽ പ്രധാന പദവികൾ വഹിക്കുന്ന ആദരണീയരായ നേതാക്കളിൽ നിന്നാണു ഈ പ്രസ്താവനയുണ്ടായത്. ബിജെപിക്കും ആർഎസ്എസിനും ഇതിൽ നിന്നും രാഷ്ട്രീയമുതലെടുപ്പു നടത്തുവാനുള്ള ഉദ്ദേശമുണ്ടെന്ന് വ്യക്തമാണ്. അതിനവർ വിശ്വാസികളെ ഇളക്കിവിടുന്നു. കുറച്ചു വോട്ടുകൾക്കു വേണ്ടി സാമൂഹ്യ ധ്രുവീകരണം നടത്തുക മാത്രമാണവരുടെ ലക്ഷ്യം.

സ്ത്രീകളുൾപ്പടെ അനവധി ആളുകൾ സ്ത്രീ പ്രവേശനവിധിക്കെതിരായി തെരുവിൽ പ്രതിഷേധത്തിനിറങ്ങി. ഇത് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തീരുമാനമാണെന്നു കരുതുന്നുണ്ടോ?

=അനേകം വിശ്വാസികൾക്കും ചില ആശയക്കുഴപ്പങ്ങൾ ഇതിനെക്കുറിച്ചുണ്ടെന്നതിനു സംശയമില്ല. സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ നടക്കുമ്പോൾ അതു സ്വാഭാവികവുമാണ്. ചരിത്രത്തിലേയ്ക്ക് നോക്കിയാൽ, സാമൂഹ്യപരിഷ്കരണങ്ങളുടെ ഘട്ടങ്ങളിൽ സ്ത്രീകളുൾപ്പടെയുള്ള വിവിധ വിഭാഗങ്ങളിൽ നിന്ന് ഇതിലും തീവ്രമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിനു പത്തൊൻപതാം നൂറ്റാണ്ടിൽ, കേരളത്തിൽ സ്ത്രീകളെ മാറു മറയ്ക്കുവാൻ അനുവദിച്ചിരുന്നില്ല. മേൽക്കുപ്പായമിടുന്നതിനുള്ള അവകാശത്തിനായി സമരങ്ങളുണ്ടായി. അതിന്റെ ഫലമായി, മാറു മറയ്ക്കുന്നതിനുള്ള വിലക്ക് നീക്കിയപ്പോൾ അതിനെതിരായും സ്ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചു. പക്ഷേ സാമൂഹ്യനേതാക്കളാണവർക്ക് അവബോധമുണ്ടാക്കിക്കൊടുത്ത് നേർവഴിക്ക് നയിക്കേണ്ടത്. അതിനു പകരം, ഞാൻ മുൻപു പരാമർശിച്ച ചില സംഘടനകൾ ജനവികാരങ്ങളെ മുതലെടുക്കുവാനും അവരെ തെറ്റായ വഴിയിൽ നയിക്കുവാനും ശ്രമിക്കുന്നു. കേരളസമൂഹം പുരോഗമനസ്വഭാവമുള്ളതാണ്, അവർ തീർച്ചയായും, പ്രതിഷേധക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും യാഥാർത്ഥ്യങ്ങളെ സ്ഥാപിക്കുകയും ചെയ്യും.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ ആർഎസ്എസും ബിജെപിയും ആദ്യം അനുകൂലിച്ചിരുന്നു, എന്തുകൊണ്ടാണവർ നിലപാടു മാറ്റിയത്? താങ്കളെന്താണു കരുതുന്നത്?

=ഞാനത് ആദ്യം തന്നെ വ്യക്തമാക്കിയല്ലോ. ഈ സംഘടനകൾക്ക് ഇത്തരം നിന്ദ്യമായ നിലപാടുകളുടെ ദീർഘകാല ചരിത്രമുള്ളതാണ്. വർഗ്ഗീയതയിലൂടെ സമൂഹത്തെ ധ്രൂവീകരിക്കുക മാത്രമാണവരുടെ ലക്ഷ്യം. അതിനായവർ അക്രമത്തിന്റെയും സംഘട്ടനത്തിന്റെയും മാർഗ്ഗങ്ങൾ വരെ സ്വീകരിക്കുന്നു. അയ്യപ്പന്റെ സന്നിധാനം പോലും കുറ്റവാളികളുടെയും അക്രമികളുടെയും താവളമാക്കി മാറ്റി. ആ സ്ഥലത്തിന്റെ പവിത്രത പരിഗണിച്ച് ഞങ്ങൾ സം‌യമനം പാലിച്ചു. ഭാവിയിൽ, ഇത്തരത്തിലുള്ള യാതൊരു പ്രവർത്തനങ്ങളെയും കേരള സർക്കാർ ക്ഷമിക്കുകയില്ലെന്ന് ഞാൻ വ്യക്തമാക്കുകയാണ്. സുപ്രീം കോടതി വിധി എല്ലാ അർത്ഥത്തിലും പൂർണ്ണമായും നടപ്പാക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പു വരുത്തും.

യാഥാസ്ഥിതിക സവർണ്ണ ഹിന്ദു മേധാവിത്വത്തിന്റെ മടങ്ങിവരവിനാണു പ്രക്ഷോഭങ്ങൾ സാക്ഷ്യം വഹിച്ചതെന്ന ഒരു വീക്ഷണമുണ്ട്. അതിനെ എങ്ങനെയാണു കാണുന്നത്?

=ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഈ സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ ഞാനാഗ്രഹിക്കുന്നില്ല. എല്ലാ മതവിശ്വാസികൾക്കും ആരാധനയ്ക്ക് അവകാശമുള്ള അനന്യമായ ദേവാലയമാണു ശബരിമല. ആർഎസ്എസും അതിന്റെ “ബി ടീം” ആയ കോൺഗ്രസ്സും ജാതിവികാരങ്ങൾ ഇളക്കുവാൻ ശ്രമിക്കുന്നുണ്ടെന്നതു സത്യമാകാം.

Read in English Logo Indian Express

സ്ത്രീപ്രവേശന നിരോധനമുൾപ്പടെയുള്ള പാരമ്പര്യത്തിന്റെ ചരിത്രത്തെ ചിലരൊക്കെ വെല്ലുവിളിക്കുന്നുണ്ട്. എന്താണു താങ്കളുടെ കാഴ്ചപ്പാട്?

=ചരിത്രം തരുന്നത് വ്യത്യസ്തമായ ചിത്രമാണ്. 1991 ൽ, ദേവസ്വം ബോർഡും, ചീഫ് സെക്രട്ടറിയും കേരള ഹൈക്കോടതിയ്ക്കു മുൻപാകെ സമർപ്പിച്ച രേഖകളനുസരിച്ച്, അതിനു മുൻപുള്ള കാലത്ത് ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദനീയമായിരുന്നു എന്നു കാണാം. അത് ആചാരങ്ങൾക്കനുസൃതമല്ലെന്ന നിലപാടിലാണു ഹൈക്കോടതി അന്ന് അതിനെതിരായ വിധി പുറപ്പെടുവിച്ചത്. സമത്വാവകാശവാദികൾ എന്ന നിലയ്ക്ക് ഇടതു മുന്നണി, എല്ലാക്കാലത്തും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ തുടച്ചുമാറ്റുന്നതിനെ പിന്തുണച്ചിരുന്നു. ഈ സവിശേഷ പ്രശ്നത്തിൽ, ഞങ്ങൾ കാര്യങ്ങൾ സുപ്രീം കോടതിക്കു വിട്ടുകൊടുത്തു. ആദരണീയരായ ഹിന്ദു പണ്ഡിതരും പരിഷ്കർത്താക്കളും ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന അപേക്ഷയും ഞങ്ങൾ കോടതിയ്ക്കു മുൻപാകെ സമർപ്പിച്ചിരുന്നു.

കേരളത്തിനു സാമൂഹ്യപരിഷ്കരണങ്ങളുടെ ഒരു പാരമ്പര്യമുണ്ട്. ഇത്തരം സാമൂഹ്യ- മത പരിവർത്തനങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്ക് ഒരു പങ്കുമുണ്ട്. അവയെ എങ്ങനെ മുൻപോട്ടു കൊണ്ടുപോകാനാകും?

=എന്തുകൊണ്ടാണു കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്? കേരളത്തിൽ നവോത്ഥാനമുണ്ടാക്കിയ മഹത്തായ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളാണതിനു പിന്നിലുള്ളത്. സ്വാമി വിവേകാനന്ദൻ, ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച നാടാണിത്. പക്ഷേ അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ നടത്തിയ അന്തമില്ലാത്ത പോരാട്ടങ്ങൾ, അവയെ പിന്തുടർന്ന് ടി.കെ.മാധവൻ, കെ.കേളപ്പൻ, മന്നത്ത് പദ്മനാഭൻ, എ.കെ.ഗോപാലൻ, ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിങ്ങനെയുള്ള നേതാക്കൾ നടത്തിയ സമരങ്ങൾ എന്നിവയാണതിനു കാരണം. അയിത്തത്തിനെതിരായ 1924ലെ വൈക്കം സത്യാഗ്രഹത്തെ ഗാന്ധിജി നേരിട്ട് തന്നെ പിന്തുണച്ചതുമോർക്കണം. 1936 ലെ ക്ഷേത്രപ്രവേശനവിളംബരം ഈ പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു. ജാതിവിവേചനത്തിനെതിരായ നിരന്തര സമരങ്ങളിലൂടെയാണു കേരളമുയർന്നുവന്നത്. സുപ്രീം കോടതി വിധിക്കെതിരായി നടക്കുന്ന ഈ പ്രക്ഷോഭം തീർച്ചയായും, ആ ഇരുണ്ട ദിനങ്ങളിലേയ്ക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. ഒരു ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിൽ സാമൂഹ്യപരിഷ്കരണങ്ങളിൽ പങ്കുകൊണ്ടിരുന്ന കോൺഗ്രസ്സ്, ആർഎസ്എസിനോടും ബിജെപിയോടും ചേർന്ന് ഇതിൽ പങ്കെടുക്കുന്നു എന്നത് നിർഭാഗ്യകരമാണ്. സ്വന്തം പതാക മാറ്റിവച്ച്, ആർഎസ്എസ് കൊടിക്കീഴിലാണു കോൺഗ്രസ്സ് സമരം ചെയ്തതെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്. ഇതവരുടെ നയമാണോ, അതോ ഒരു സംസ്ഥാനഘടകത്തിനു ഇങ്ങനെ പെരുമാറുവാൻ അധികാരമുണ്ടോ എന്ന് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തോടു ചോദിക്കുവാൻ ഞാനാഗ്രഹിക്കുന്നു. ഒരു പക്ഷേ, കോൺഗ്രസ്സ് നേതാക്കളുടെ പാർട്ടിയിലെ സാന്നിധ്യം ശാരീരികം മാത്രമാകാം, അവരുടെ മനസ്സുകൾ കേരളത്തിലെ ആർഎസ്എസിനു പണയം വച്ചിരിക്കുകയാകാം.

ചില പ്രതിഷേധങ്ങളും ആർഎസ്എസ് നേതാക്കളുടെ പ്രസ്താവനകളും പ്രക്ഷോഭങ്ങളും കേരളത്തിന്റെ മതേതര പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കിയതായി കാണപ്പെടുന്നു, എന്താണു താങ്കളുടെ അഭിപ്രായം?

=ഭാഗികമായെങ്കിലും, ഈ പ്രക്ഷോഭങ്ങൾ കേരളത്തിന്റെ പ്രതിഛായയ്ക്കു കോട്ടം വരുത്തിയിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. വാസ്തവത്തിൽ കേരളത്തെ അപമാനിക്കുകയാണു ആർഎസ്എസിന്റെ ഉദ്ദേശ്യം, എന്തെന്നാൽ, ആധുനിക കേരളത്തിന്റെ രൂപീകരണത്തിൽ അവർക്കൊരു പങ്കും ഉണ്ടായിരുന്നില്ല.

ഈ പ്രശ്നം സംസ്ഥാന സർക്കാർ കൂടുതൽ അനുഭാവപൂർവ്വം കൈകാര്യം ചെയ്യണമായിരുന്നു എന്നു താങ്കൾ ചിന്തിക്കുന്നുണ്ടോ?

=സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ സംസ്ഥാന സർക്കാർ കൈക്കൊണ്ടത് ഉചിതമായ നിലപാടു തന്നെയാണ്. അതേസമയം, ഗുരുതരമായ ദുരന്തങ്ങളൊഴിവാക്കുവാൻ ഞങ്ങൾ പരിപൂർണ്ണ സം‌യമനവും പാലിച്ചു.

ഇതിന്റെ അനന്തരഫലങ്ങൾ കേരളത്തിലെ നല്ലൊരു വിഭാഗം ഹിന്ദുക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അവരെ സമാധാനിപ്പിക്കുവാൻ എന്തു ചെയ്യുവാൻ കഴിയും?

=സർക്കാർ, അതിന്റെ നിലപാട് നിരുപാധികം വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സം‌രക്ഷിക്കണം. ആർഎസ്എസിന്റെ നീചതാൽപര്യങ്ങൾ മനസ്സിലാക്കുവാൻ ഞങ്ങൾ എല്ലാ വിഭാഗങ്ങളോടും അഭ്യർത്ഥിക്കുന്നു, അതു തുടർന്നും ചെയ്യും. സുപ്രീം കോടതി വിധിയുടെ അധികാരത്തെയും പവിത്രതയെയും അട്ടിമറിക്കുവാൻ ശ്രമിക്കുന്നത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയാണെന്ന യാഥാർത്ഥ്യവും ഞാനെടുത്തു പറയുവാൻ ആഗ്രഹിക്കുന്നു.

സിപിഎമ്മിന്റെ പരമ്പരാഗത അടിത്തറയിലെ ഒരു നല്ല വിഭാഗം ഹിന്ദുക്കളാണ്. സർക്കാരിന്റെ നിലപാട് അതിനെ ബാധിക്കുമോ?

=മതേതരത്വം നിലനിർത്തുക എന്ന നിലപാടിൽ സിപിഎം ദൃഢചിത്തരാണ്. ഞങ്ങൾക്ക് എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പിന്തുണയുണ്ട്. ആർഎസ്എസും കോൺഗ്രസ്സും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാം. എങ്കിലും ഈ പ്രചാരണം കൊണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവർ പോലും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുമെന്ന് എനിക്കുറപ്പാണ്.

ഈ വിധി നടപ്പാക്കുന്നതിനുവേണ്ടി ഹിന്ദു സംഘടകളെയോ മതനേതാക്കളെയോ സർക്കാർ സമീപിച്ചിരുന്നോ? ഇല്ലെങ്കിൽ, ഇനിയതുണ്ടാകുമോ?

=സുപ്രീം കോടതി സ്വയം ഭേദഗതി ചെയ്യുന്നില്ലെങ്കിൽ, വിധിയെപ്പറ്റി യാതൊരു ചർച്ചകളും പാടുള്ളതല്ല. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ആരെയും ഉൾക്കൊള്ളിക്കുവാൻ ഞങ്ങൾ തയ്യാറാണ്, അവരുടെ ശ്രമങ്ങൾ ആത്മാർത്ഥമാണെങ്കിൽ. പക്ഷേ എല്ലാമറിഞ്ഞുകൊണ്ട്, ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്ന ശക്തികളുമായി എങ്ങനെയാണു ഞങ്ങൾക്കു ചർച്ച നടത്താനാകുക?

ഈ പ്രശ്നത്തിൽ സിപിഎമ്മിന്റെ എല്ലാ പ്രവർത്തകരും, എംപിമാരും എംഎൽഎമാരുമടക്കം താങ്കളോടൊപ്പമുണ്ടോ?

=ഇടതുമുന്നണി ഒന്നിച്ചാണ്. എന്നാൽ ബിജെപിയിലും കോൺഗ്രസ്സിലും നിങ്ങൾക്ക് വിഭാഗീയത കാണാം. ഇപ്പോൾ പോലും ആർഎസ്എസ് നേതൃത്വം സംസാരിക്കുന്നത് വ്യത്യസ്ത ശബ്ദങ്ങളിലാണ്.

സാമൂഹ്യപ്രവർത്തകർക്ക് ശക്തി തെളിയിക്കുന്നതിനുള്ള ഇടമല്ല, ശബരിമല സന്നിധാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്താണു താങ്കൾക്കതിൽ പറയുവാനുള്ളത്?

=അത് അയ്യപ്പനെ ആരാധിക്കുന്നതിനുള്ള ഇടമാണ്. അയ്യപ്പനിൽ വിശ്വാസമുള്ള ആർക്കും അവിടെ പോകാം. ഒരു ആക്ടിവിസ്റ്റിനു അയ്യപ്പനിൽ വിശ്വാസമുണ്ടെങ്കിൽ ആ വ്യക്തിയ്ക്കും അവിടെ തീർത്ഥാടനമാകാം.

വിശ്വാസത്തിന്റെ കാര്യങ്ങളിൽ കോടതി ഇടപെടേണ്ടതില്ല എന്നൊരു വീക്ഷണമുണ്ട്. താങ്കളുടെ കാഴ്ചപ്പാട്?

=ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ട്, അതാണു പരമപ്രധാനം. അതേ ഭരണഘടനയാണു കോടതികൾക്ക് അധികാരം നൽകിയിരിക്കുന്നത്. മതാചാരങ്ങളിൽ കോടതി ഇടപെടുന്നത് ഇതാദ്യമായല്ല. ബോംബെ ഹൈക്കോടതി, ശനി ശിങ്കനാപ്പൂർ ക്ഷേത്രത്തിലെ, സമാനമായ ഒരു വിലക്ക് എടുത്തുമാറ്റിയതും മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ആ വിധി നടപ്പാക്കിയതും നിങ്ങളോർമ്മിക്കുന്നുണ്ടാകുമല്ലോ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala temple row even ayyappas abode was used as camp for criminals pinarayi vijayan