കൊച്ചി: ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകിയ വിധി വന്ന ശേഷം സർക്കാർ നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിക്കാണ് മണ്ഡലകാലം കാത്തിരിക്കുന്നത്. ശബരിമല സന്നിധാനം ഒരു സംഘർഷത്തെ മുന്നിൽ കാണുന്നുണ്ട്. ക്ഷേത്ര ദർശനത്തിനായി 600 ഓളം സ്ത്രീകൾ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഘട്ടത്തിൽ എന്ത് സംഭവിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതിനിടെയാണ് 17ാം തീയ്യതി ദർശനം തേടി താനെത്തുമെന്ന്, കേസിന്റെ തന്നെ മുന്നണിയിലുണ്ടായിരുന്ന തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. ആറ് സ്ത്രീകൾക്കൊപ്പമാണ് ഇവർ കേരളത്തിലേക്ക് വരുന്നത്. ഈ കാര്യം വ്യക്തമാക്കി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിരിക്കുന്ന കത്തിലെ ആവശ്യങ്ങൾ കണ്ട് മുഖ്യമന്ത്രി വാ പൊളിച്ചാലും അദ്ഭുതപ്പെടാനില്ല.

ഭൂമാത ബ്രിഗേഡിന്റെ ലെറ്റർ ഹെഡിലുളളതാണ് കത്ത്. തൃപ്തി ദേശായിയുടെ ചിത്രം പതിപ്പിച്ചതാണ് ലെറ്റർ ഹെഡ്. എങ്കിലും ഈ കത്ത് ഇവരുടേത് തന്നെയാണോയെന്ന് സ്വതന്ത്രമായ അന്വേഷണത്തിൽ സ്ഥിരീകരിക്കാൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല. കത്തിൽ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ പക്ഷെ ഏറെ കൗതുകമുണർത്തുന്നതാണ്.

സംസ്ഥാനത്ത് സംഘർഷ സാധ്യതയുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞാണ് സംഘം എത്തുന്നത്. ഇത് മുന്നിൽ കണ്ട് തന്നെ ഇവർ വിവിധ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. കൊച്ചിയിൽ വിമാനം ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നത് വരെയുളള കാര്യങ്ങളിലാണ് സർക്കാറിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമാത ബ്രിഗേഡിന്റെ പേരിലുളള കത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരള ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കും അയച്ചിട്ടുണ്ട്.

ഈ മാസം 16ാം തീയ്യതിയാണ് ഇവർ കൊച്ചിയിൽ എത്തുക. വിമാന മാർഗം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന സംഘം ഇവിടെ നിന്ന് കാറിൽ കോട്ടയത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. സുരക്ഷ ഭീഷണിയുളളതിനാൽ വാഹനം സർക്കാർ ഏർപ്പെടുത്തി നൽകണം. വാഹനങ്ങൾ വാടകയ്ക്ക് എടുത്താൽ ആക്രമിക്കപ്പെടാനുളള സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു.

കോട്ടയത്ത് എത്തുന്ന സംഘത്തിന് ഇവിടെ താമസിക്കാൻ സർക്കാർ ഗസ്റ്റ് ഹൗസോ, ഹോട്ടൽ മുറികളോ സർക്കാർ തന്നെ ഇടപെട്ട് അനുവദിക്കണം എന്നാണ് രണ്ടാമത്തെ ആവശ്യം.

17 ന് പുലർച്ചെ അഞ്ച് മണിക്കാണ് കോട്ടയത്ത് നിന്നും പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് എത്തിച്ചേരാൻ സാധിക്കും വിധമാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. യാത്രയിൽ നിന്ന് പിന്മാറാൻ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്ന തരത്തിലാണ് കത്ത്. ഇതിൽ ഭക്ഷണം താമസം എന്നിവയ്ക്ക് പുറമെ തങ്ങൾക്ക് ശക്തമായ പൊലീസ് കാവൽ വേണമെന്ന ആവശ്യവും പറയുന്നുണ്ട്.

ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് പുറമെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും അയ്യപ്പ ഭക്തരിൽ നിന്ന് പോലും വധഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ഇവർ കത്തിൽ പറയുന്നു.

വിമാന മാർഗ്ഗം കേരളത്തിലെത്തുന്ന തൃപ്തി ദേശായിയും സംഘവും ദർശനം കിട്ടാതെ തിരികെ പോകില്ലെന്ന മുന്നറിയിപ്പും പിണറായിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ട് തിരികെ പോകുന്നതിനുളള വിമാന ടിക്കറ്റ് ഇതുവരെയും തങ്ങൾ എടുത്തിട്ടില്ലെന്നും ഇവർ വിശദീകരിക്കുന്നു. കേരളത്തിൽ താമസിക്കുന്ന കാലത്തോളം ഭക്ഷണവും താമസവും സർക്കാരിന്റെ പൂർണ്ണ ചിലവിലാകുമെന്നാണ് കത്തിൽ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.