പത്തനംതിട്ട: ഒറ്റ ദിവസത്തേക്ക് നട തുറക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ, ശബരിമല സന്നിധാനത്തടക്കം പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ നട തുറന്നപ്പോൾ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമത്തിൽ പങ്കെടുത്തവരെ പിടിക്കാൻ ഫേസ് ഡിറ്റക്ഷനറാണ് ഉപയോഗിച്ചിരിക്കുന്നത്.

1500 അക്രമികളുടെ ഫോട്ടായാണ് പൊലീസിന്റെ പക്കൽ ഇപ്പോഴുളളത്. ഇവരിൽ ഒളിവിൽ കഴിയുന്ന 350 പേരുടെ ചിത്രങ്ങളുമുണ്ട്. 1850 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

നിലയ്ക്കൽ, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകൾക്കൊപ്പമാണ് 12 ഫെയ്സ് ഡിറ്റക്‌ഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുളളത്. അക്രമികൾ ആരെങ്കിലും വന്നാൽ ഉടൻ തന്നെ ക്യാമറകൾ വഴി പൊലീസിന് സന്ദേശം ലഭിക്കും. ഉടൻ തന്നെ അറസ്റ്റും നടക്കും.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമടക്കം 4000 പേർ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരുടെ ചിത്രമടക്കം എല്ലാ വിവരങ്ങളും പൊലീസിനു കിട്ടിയിട്ടുണ്ട്. ഇതിന് പുറമെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഭക്തരായ സ്ത്രീകളെത്തിയാൽ ഇവരെ പിടികൂടാൻ വനിത പൊലീസും രംഗത്തുണ്ട്.

പമ്പയിൽനിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീർഥാടകരെ കയറ്റുക. ദർശനം കഴിഞ്ഞു സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രം മലയിറങ്ങാം. അതേസമയം മാധ്യമപ്രവർത്തകരെ ഇപ്പോഴും തടഞ്ഞിട്ടുണ്ട്. ഇവരെ നിലയ്ക്കലാണ് നിർത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.