പത്തനംതിട്ട: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രത്തിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും സ്ത്രീകൾ ശബരിമല പ്രവേശനത്തിനായി വരുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിലാണ് ശബരിമല.

ശബരിമല സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിൽ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടി. ക്ഷേത്ര ദർശനത്തിനായി സ്ത്രീകളുടെ വലിയ സംഘം നാളെ ശബരിമലയിലേക്ക് എത്തുമെന്നാണ് വിവരം. പ്രതിഷേധക്കാർ നുഴഞ്ഞുകയറാനും സാധ്യതയുളളതിനാലാണ് സുരക്ഷ കർശനമാക്കിയത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്താൻ പാടില്ല. തീർത്ഥാടകർക്ക് സമാധാനപരമായി ദർശനം നടത്താൻ ഒരു തടസവും ഉണ്ടാക്കരുതെന്നാണ് ആവശ്യം.

പ്രധിഷേധക്കാര്‍ തീര്‍ത്ഥാടകരുടെ ഇടയില്‍ നുഴഞ്ഞുകയറി അക്രമങ്ങള്‍ നടത്താന്‍ സാഹചര്യമുള്ളതിനാലുമാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മനിതി എന്ന സ്ത്രീ സംഘടനയും കേരളത്തിൽ നിന്ന് യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സ്ത്രീകളുമാണ് ശബരിമലയിലേക്ക് പോകുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.