പത്തനംതിട്ടം: ശബരിമലയിലും പരിസരങ്ങളിലും വീണ്ടും നിരോധനാജ്ഞ നീട്ടി. ക്ഷേത്രത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചുളള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴി തടയുമെന്ന് പറഞ്ഞതാണ് നിരോധനാജ്ഞയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശബരിമലയിലെ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കണം എന്നും പ്രതിഷേധക്കാരെ നിയന്ത്രിച്ച് നിർത്താൻ നിരോധനാജ്ഞ കൂടിയേ തീരൂ എന്നുമായിരുന്നു ഇതുവരെ പറഞ്ഞത്. എന്നാലിന്ന് നിലപാട് മാറ്റിയ പൊലീസും ജില്ല ഭരണകൂടവും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിതടയുമെന്ന നിലയിൽ സമരം ശക്തമാക്കാനുളള പ്രതിഷേധക്കാരുടെ നീക്കങ്ങളെ ഗൗരവത്തോടെ കണ്ടേ മതിയാകൂ എന്നാണ് വ്യക്തമാക്കുന്നത്.

പ്രതിഷേധക്കാർ ഏതുസമയത്തും നുഴഞ്ഞുകയറി അക്രമം നടത്താൻ സാധ്യതയുളളതിനാൽ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്. എന്നാൽ നിരോധനാജ്ഞ ഡിസംബർ 12 വരെയാണ് കളക്ടർ നീട്ടിയത്.

മകരവിളക്കു കഴിയും വരെ ഇതേ നിലയിൽ നിരോധനാജ്ഞ നീട്ടി കൊണ്ടുപോകാനാണു സർക്കാർ നീക്കം. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളൊന്നും സർക്കാർ കാര്യമായി എടുത്തിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.