തിരുവനന്തപുരം: അയ്യപ്പ ഭക്തർക്ക് ശബരിമല സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നപൊലീസ് നാളെ തീരുമാനം എടുക്കും. ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസ് സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ അയവ് വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്റയെ നേരിൽ കണ്ട സാഹചര്യത്തിലാണ് തീരുമാനം.

ഹരിവരാസനം കഴിഞ്ഞ് ക്ഷേത്രം അടച്ചാല്‍ ഉടൻ അപ്പം, അരവണ, നെയ്യഭിഷേകം തുടങ്ങിയ വഴിപാട് കൗണ്ടറുകള്‍ അടച്ചിടണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ ദേവസ്വം ബോർഡ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ സമീപിച്ചു. മന്ത്രിയുടെ ആവശ്യപ്രകാരം ഈ നിർദ്ദേശം പിൻവലിക്കുകയായിരുന്നു.

സുരക്ഷയ്ക്കു വീഴ്ച വരാത്ത രീതിയില്‍ നെയ്യഭിഷേകത്തിനു സൗകര്യം ഒരുക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. പ്രസാദം വാങ്ങാൻ കഴിയുന്നില്ലെന്ന് ഭക്തർ പരാതി ഉന്നയിച്ച സാഹചര്യത്തിലാണിത്. കൂടുതല്‍ പ്രസാദ കൗണ്ടറുകള്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ച് തിരക്ക് കുറയ്ക്കണം എന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്.

സന്നിധാനത്ത് തങ്ങാൻ നിയന്ത്രണം ഉളള സാഹചര്യത്തിൽ നിലയ്ക്കലും പമ്പയിലും ഭക്തര്‍ക്ക് തങ്ങുന്നതിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ബോര്‍ഡിന്റെ ശ്രമം. സന്നിധാനത്ത് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ചിലത് ഭക്തര്‍ക്ക് വിട്ടു കൊടുത്തേക്കും.

ഇതര സംസ്ഥാനക്കാരായ ഭക്തര്‍ സന്നിധാനത്ത് ഭക്ഷണം പാകം ചെയ്യാൻ ലക്ഷ്യമിട്ട് ഗ്യാസ് സ്റ്റൗവ് അടക്കം കൊണ്ടുവരുന്നത് മറ്റൊരു ഭീഷണിയാണ്. ഇതെല്ലാം എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന ആലോചനയും ബോര്‍ഡില്‍ തുടങ്ങി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ