കൊച്ചി: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിച്ച 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനമൊട്ടാകെ നാമജപയാത്ര നടത്തുകയും അക്രമം നടത്തുകയും ചെയ്തവർക്കെതിരെയാണ് കേസ്.

ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് പ്രതിഷേധക്കാരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുളള തീവ്ര ശ്രമത്തിലാണ് പൊലീസ്. എറണാകുളത്തും തൃപ്പൂണിത്തുറയിലുമായി ഇന്നലെ മാത്രം 150 ഓളം പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി വിധി ലംഘിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും അടക്കം ഇവർക്കെതിരെ കേസ് ചുമത്തും. ജില്ല തിരിച്ചുളള അറസ്റ്റിന്റെ കണക്ക് പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്നലെ ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശബരിമലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തിരുന്നു. കൂടുതൽ സിസിടിവി ക്യാമറകൾ പൊലീസ് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുളള ഭാഗത്ത് ഘടിപ്പിച്ചിട്ടുണ്ട്.

അക്രമ സംഭവങ്ങളിൽ ഏർപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടെത്തി, ആളുകളെ തിരിച്ചറിയുന്നതിന് മാത്രം 15 അംഗ പൊലീസ് സംഘം പത്തനംതിട്ടയിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

മണ്ഡല-മകരവിളക്ക് കാലത്ത് അക്രമം നടക്കാനുളള സാധ്യത മുന്നിൽ കണ്ടാണ് കരുതൽ നടപടി. അതേസമയം അറസ്റ്റിലാകുന്നവർക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തും. ഇവരെ മണ്ഡല കാലത്ത് കരുതൽ തടങ്കലിൽ പാർപ്പിക്കാനും സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook