കൊച്ചി: ശബരിമലയിലേക്ക് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിവിധ ഹര്‍‌ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ, ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുളള ഹർജിയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ ഹർജിയിൽ സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും.

ടി.ആര്‍.രമേശ് എന്ന വ്യക്തിയാണ് സര്‍ക്കാരിന് ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. യുപി സർക്കാർ 1999 ൽ കാശി ക്ഷേത്രം ഏറ്റെടുത്തതിനെ സുപ്രീം കോടതി വിലക്കിയത് ചൂണ്ടിക്കാട്ടിയാണ് രമേശിന്റെ ഹർജി.

ഇതിന് പുറമെ, ചിത്തിര ആട്ട തിരുനാൾ സമയത്ത് ശബരിമലയിലേക്കുളള പ്രവേശനത്തിന് സമയക്രമം ഏർപ്പെടുത്തിയതും, മാധ്യമങ്ങളെ വിലക്കിയതും സംബന്ധിച്ച ഹർജികളും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സമയക്രമീകരണം ഏർപ്പെടുത്തുന്നത് വിശ്വാസത്തിന്റെ മേലുളള കടന്നുകയറ്റമാണെന്ന മറ്റൊരു ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

അതേസമയം, മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്നാണ് സർക്കാർ വാദം. കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് തീവ്ര സ്വഭാവമുള്ളവര്‍ ശബരിമലയിലേക്ക് എത്തുമെന്ന വിവരം ലഭിച്ചതിനാൽ, ചില നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook