തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയാൻ സന്നിധാനത്ത് രക്തം ചീന്താൻ ആളെ നിർത്തിയിരുന്നുവെന്ന പ്രസ്താവന നടത്തിയ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പൊലീസാണ് രാഹുൽ ഈശ്വറിനെ തിരുവനന്തപുരം നന്താവനത്തെ ഫ്ലാറ്റിലെത്തി ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചുവെന്നതടക്കമുളള കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രക്തം ചീന്തി ക്ഷേത്രം അടച്ചിടാൻ 20 ഓളം പേരെ സന്നിധാനത്ത് നിർത്തിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബിൽ വച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

“ക്ഷേത്രത്തില്‍ ചോരവീഴ്ത്തി അശുദ്ധമാക്കാന്‍ വരെ സന്നദ്ധമായി 20 വിശ്വാസികള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ചോരയോ മൂത്രമോ വീണാല്‍ ക്ഷേത്രം മൂന്ന് ദിവസം അടച്ചിടണം. നവംബര്‍ അഞ്ചിന് ക്ഷേത്രം തുറക്കുമ്പോള്‍ നാമജപവുമായി വിശ്വാസികള്‍ ഗാന്ധിമാര്‍ഗ സമരവുമായി സന്നിധാനത്തുണ്ടാകും. വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കൈമുറിച്ച് ചോരവീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ തയ്യാറുള്ളവരും ഈ ദിവസങ്ങളിൽ ഉണ്ടാകും,” എന്നാണ് പത്രസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞത്.

ഈ പ്രസ്താവന വിശ്വാസികളോടും ഭക്തരോടുമുളള വഞ്ചനയാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ വിമർശിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

“ശബരിമലയെ ഒരു കലാപഭൂമി ആക്കാനുളള ഗൂഢാലോചന നടന്നിരുന്നു എന്ന വസ്തുത പുറത്തുവരികയാണ്. ഇന്നലെ രാഹുല്‍ ഈശ്വര്‍ തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. എത്രമാത്രം വലിയൊരു ഗൂഢാലോചനയാണ് വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ വാദികള്‍ ശബരിമല കേന്ദ്രീകരിച്ച് നടത്താന്‍ പരിശ്രമിച്ചതെന്ന് വ്യക്തമാവുകയാണ്. ചോര തന്നെ ഒഴുക്കാനായി പദ്ധതി ഇട്ടിരുന്നു എന്ന് വെളിപ്പെടുത്തി. നമ്മുടെ സംസ്ഥാനത്തേയും രാജ്യത്തേയും വിശ്വാസികളേയും വഞ്ചിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങള്‍ എത്ര വലുതായിരുന്നെന്ന് ബോധ്യമാവുകയാണ്,” കടകംപളളി വ്യക്തമാക്കി.

എന്നാൽ തൊട്ടുപിന്നാലെ താൻ പറഞ്ഞതിനെ മന്ത്രി വളച്ചൊടിച്ചുവെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. സന്നിധാനത്ത് രക്തം ചീന്തി പോലും സ്ത്രീപ്രവേശനം തടയാൻ എത്തിയ അറുപതോളം പേരെ താൻ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഇതാണ് പത്രസമ്മേളനത്തിൽ പറഞ്ഞതെന്നും രാഹുൽ ഈശ്വർ വിശദീകരിച്ചു. ശബരിമല സന്നിധാനത്ത് മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന നിലയിലാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, ശബരിമലയില്‍ യുവതി പ്രവേശനത്തിന്‍റെ പേരിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി. 122 പേര്‍ റിമാന്‍ഡിലാണ്. മറ്റുളളവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. പൊതു മുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര്‍ റിമാന്‍ഡിലായിരിക്കുന്നത്. ആകെ 517 കേസുകള്‍ റജിസ്റ്റർ ചെയ്തു. അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടി വയ്ക്കേണ്ടി വരും.

കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.