തിരുവനന്തപുരം: ചിത്തിര ആട്ടതിരുനാളിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ ഇതുവരെ യുവതികളാരും പ്രവേശനത്തിനായി പൊലീസിനെ സമീപിച്ചില്ല. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം ശബരിമലയിലേക്ക് പോയ മാധ്യമങ്ങളെ വഴിയിൽ തടഞ്ഞ നടപടി ഭാഗികമായി പിൻവലിച്ചു. ഇലവുങ്കലിൽ തടഞ്ഞ മാധ്യമപ്രവർത്തകരെ പമ്പ വരെ കടത്തിവിട്ടു. നാളെ രാവിലെ 8.30 യ്ക്ക് ശേഷം മാധ്യമങ്ങൾക്ക് ശബരിമലയിലേക്ക് പ്രവേശിക്കാനാവും.

സർക്കാരിന് വിശ്വാസികളെ സന്നിധാനത്ത് എത്തിക്കാനുളള ചുമതലയുണ്ടെന്നും അത് നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു.  “ആക്ടിവിസ്റ്റുകൾക്ക് പ്രകടനം നടത്താനുളള സ്ഥലമല്ല ശബരിമല. അതിനായി ആരും അങ്ങോട്ടേക്ക് വരേണ്ടതില്ല. വിശ്വാസികൾക്ക് സംരക്ഷണം നൽകാനുളള ഉത്തരവാദിത്തം സർക്കാർ നിറവേറ്റും. ശബരിമലയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ല. സുരക്ഷ പ്രശ്നം ഉളളതിനാലാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് പ്രവേശനം നൽകാത്തത്,”  മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 19 ന് രാവിലെ രഹ്ന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും മലകയറാന്‍ ശ്രമിച്ചിരുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇവരെ സന്നിധാനത്ത് നടപ്പന്തൽ വരെ എത്തിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവരെ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. പക്ഷെ മന്ത്രി കടകംപളളി സുരേന്ദ്രൻ പൊലീസിനെയും രഹ്ന ഫാത്തിമയെയും വിമർശിച്ചാണ് നിലപാടെടുത്തത്. ആക്ടിവിസ്റ്റുകൾ ശബരിമലയിലേക്ക് വരേണ്ടെന്നാണ് മന്ത്രി അന്നും പറഞ്ഞത്.

“സർക്കാരിനെ സംബന്ധിച്ച് വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് പ്രധാനം. ഭക്തരായിട്ടുള്ള ആളുകൾ വന്നാൽ അവരെ സംരക്ഷിക്കും.” മന്ത്രി ഇന്നും ആവർത്തിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.