തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സിപിഎം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് ഈ നിലപാടിൽ എത്തിയത്.
വിഷയത്തിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ കൂടി രാഷ്ട്രീയ വിശദീകരണ യോഗം നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാവും ഉദ്ഘാടകൻ.
രാഷ്ട്രീയ വിശദീകരണ യോഗത്തോടനുബന്ധിച്ച് നടത്തുന്ന കാൽനട ജാഥകളിൽ മന്ത്രിമാരും സെക്രട്ടേറിയേറ്റ് അംഗങ്ങളും പങ്കെടുക്കും. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്ന വിലയിരുത്തലാണ് പാർട്ടി ഘടകങ്ങളിൽ നിന്ന് ലഭിച്ചത്. ശബരിമല അയ്യപ്പദർശനത്തിനുള്ള ഭക്തജനത്തിരക്ക് ഓൺലൈൻ വഴി നിയന്ത്രിക്കുന്നതോടെ ആരെയും ക്യാംപ് ചെയ്യാൻ അനുവദിക്കില്ല എന്നാണ് സര്ക്കാരിന്റെ പുതിയ തീരുമാനം.
ശബരിമലയിൽ മണ്ഡലകാലത്ത് യുവതികളെത്തിയാൽ സുരക്ഷ നൽകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവർത്തിച്ചിട്ടുണ്ട്. സന്നിധാനത്തെ സ്ഥിതിഗതികൾ പഠിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. ശബരിമലയിലേക്കുളള എല്ലാ പാതകളും പ്രത്യേക സുരക്ഷ മേഖലയായി പ്രഖ്യാപിച്ചതിനാൽ ഇവിടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിനും പ്രതിഷേധിക്കുന്നതിനും തടസങ്ങളുണ്ടാകും.
ഇലവുങ്കൽ, ചാലക്കയം, സന്നിധാനം, നീലിമല, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങൾ പ്രത്യേക സുരക്ഷ മേഖലയാണ്. നവംബർ 15 ന് ഇവിടങ്ങളിൽ നിയന്ത്രണം ആരംഭിക്കും. ജനുവരി 20 വരെ ഇത് തുടരും.
അതേസമയം മണ്ണാർക്കാട് എംഎൽഎയും പാർട്ടി പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവുമായ പികെ ശശിക്കെതിരായപീഡന ആരോപണത്തിൽ, അന്വേഷണ റിപ്പോർട്ട് ഇന്നും ചർച്ചയായില്ല.