കൊച്ചി: ശബരിമലയിലേക്ക് സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം നൽകിയ സംഭവത്തിൽ നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ കോടതിയിലേക്ക്. ദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.

സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.  സംഘർഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളോടും ദൃശ്യങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായി സർക്കാർ കോടതിയെ അറിയിച്ചു.

സിപിഎം ഗ്രൂപ്പുകൾ വഴിയാണ് സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ പൊലീസ് തയ്യാറാക്കിയതെന്നാണ് അഭിഭാഷകന്റെ ആരോപണം.  ശബരിമലയിലെ പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയും സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യ ഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്.

ളാഹ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധൻ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടതാണെന്ന ആരോപണം ജാമ്യാപേക്ഷ സമർപ്പിച്ച അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ കോടതി അതിരൂക്ഷമായാണ് അഭിഭാഷകനെ വിമർശിച്ചത്.

“സംഘർഷം സൃഷ്ടിയ്ക്കാൻ കോടതിയെ ഉപകരണമാക്കരുത്” എന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ശബരിമല സംഘർഷങ്ങളിൽ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതിയെ സംഘർഷത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കരുതെന്ന് ഹർജിക്കാരന് മുന്നറിയിപ്പും ഡിവിഷൻ ബെഞ്ച് നൽകി.

ജാമ്യം തേടിയുളള ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും.  ശബരിമല സംഘർഷത്തിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി നൽകിയ ജാമ്യഹർജിയിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസിൽ പ്രതി ചേർക്കാവൂ എന്ന് കോടതി സർക്കാരിനോട് നിർദേശം നൽകി. കുറ്റകൃത്യത്തിൽ പങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്നും കോടതി സർക്കാരിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.