തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.

ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായിരിക്കും.

നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ് പി, എ എസ് പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. ഡി വൈ എസ് പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്.ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുന്നത്. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സി ഐ, എസ് ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

നവംബര്‍ 16 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെക്കും എരുമേലിയില്‍ പരിശീലന വിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. ഘട്ടത്തില്‍ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 349 പേരും സി.ഐ തലത്തില്‍ 82 പേരും ഡി.വൈ.എസ്.പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയുളള രണ്ടാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ഭരണവിഭാഗം ഐ.ജി പി.വിജയനും മരക്കൂട്ടത്ത് തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നീ സ്ഥലങ്ങളുടെ ചുമതല ഡി.ഐ.ജി എസ്.സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ നിലയ്ക്കലും പമ്പയും വടശ്ശേരിക്കരയും ചുമതല വഹിക്കുന്നത് പോലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് ആയിരിക്കും. പരിശീലന വിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐ.ജി എസ്.ശ്രീജിത്തും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും.

കൂടാതെ എസ്.ഐ തലത്തില്‍ 312 പേരും സി.ഐ തലത്തില്‍ 92 പേരും ഡി.വൈ.എസ്.പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും. ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 389 പേരും സി.ഐ തലത്തില്‍ 90 പേരും ഡി.വൈ.എസ്.പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 400 പേരും സി.ഐ തലത്തില്‍ 95 പേരും ഡി വൈ എസ് പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.

ഒരു സബ്ബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പൊലീസ് കമാൻഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാൻഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍ ഡി ആര്‍ എഫിന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്‌പെക്ടറും രണ്ട് വനിതാ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരും 30 വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പൊലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ