ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാനുളള ശ്രമം തടഞ്ഞവർക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം രാമരാജ വർമ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരെയാണ് ഹർജി.

നേരത്തെ തന്നെ ഹർജി സമർപ്പിച്ചിരുന്നെങ്കിലും സോളിസിറ്റർ ജനറൽ അപേക്ഷ തളളിയിരുന്നു. എന്നാൽ ഹർജി സമർപ്പിക്കാൻ അനുമതി നിഷേധിച്ച് സോളിസിറ്റർ ജനറലിന്റെ കുറിപ്പടക്കം വച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ഗുരുതരമായ കുറ്റങ്ങളാണ് അഞ്ച് പേർക്കും എതിരെ ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും , വിധി നടപ്പാക്കാതിരിക്കാന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു എന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരായ കുറ്റം.

മുരളീധരൻ ഉണ്ണിത്താനെതിരെ ഭരണഘടന കത്തിക്കുമെന്ന ആരോപണത്തിലാണ് കേസ്. ശബരിമലയിലേക്ക് വരുന്ന യുവതികളെ രണ്ടായി കീറി വലിച്ച് എറിയണമെന്ന പ്രസ്താവനയാണ് കൊല്ലം തുളസിയെ ഹർജിയിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

യുവതികൾ ശബരിമലയിൽ പ്രവേശിക്കാനെത്തിയപ്പോൾ നട അടച്ചതിനാണ് തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതേ കുറ്റമാണ് രാമരാജവർമ്മയ്ക്കും എതിരായി ചുമത്തിയിരിക്കുന്നത്.

എന്നാൽ സോളിസിറ്റർ ജനറലിന്റെ കുറിപ്പിൽ ഇവരുടെ പ്രസ്താവനകളും ഇടപെടലുകളും കോടതിയലക്ഷ്യമല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇത് ക്രിയാത്മക വിമർശനം മാത്രമാണെന്ന് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നുണ്ട്.

ഹർജിയിൽ ചൂണ്ടിക്കാട്ടും വിധം കോടതിയലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇത് തുറന്ന കോടതിയിൽ പരിശോധിക്കാം. കോടതിക്ക് തന്നെ നേരിട്ട് കക്ഷികൾക്ക് നോട്ടീസ് അയക്കാം. അതേസമയം സോളിസിറ്റർ ജനറലിന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ ഹർജി തളളിക്കളയാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.