തിരുവനന്തപുരം: ശബരിമല ക്ഷേത്ര നട അടക്കുന്നതിന് മുൻപ് തന്ത്രി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന പ്രസ്താവനയിൽ നിന്ന് മലക്കം മറിഞ്ഞ ബിജെപി പ്രസിഡന്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ മറ്റൊരു ബിജെപി പ്രസിഡന്റും കേരളത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് കോടിയേരി വിമർശിച്ചു.

“പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്‍റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. വീണിടത്ത് കിടന്ന് ഉരുളുകയാണ് ശ്രീധരന്‍ പിള്ള. കേസിനെ ഭയന്നാണ് ഇപ്പോള്‍ നിലപാട് മാറ്റിയത്,” കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നാണ് മുൻപ് യുവമോർച്ചയുടെ നേതൃയോഗത്തിൽ ശ്രീധരൻ പിളള പ്രസംഗിച്ചത്. മറ്റൊരു ഫോണിൽ നിന്ന് വിളിച്ച തന്ത്രി ഈ സമയത്ത് അസ്വസ്ഥനായിരുന്നുവെന്നും, നട അടച്ചാൽ കോടതി അലക്ഷ്യമാകില്ലേയെന്ന് തന്നോട് ചോദിച്ചുവെന്നുമാണ് അഅദ്ദേഹം പറഞ്ഞത്. തന്ത്രി ഒറ്റയ്ക്കാവില്ലെന്നും പതിനായിരക്കണക്കിന് ആളുകൾ തന്ത്രിക്ക് ഒപ്പമുണ്ടാകുമെന്നും മറുപടി നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ.

ഈ വെളിപ്പെടുത്തലാണ് വിവാദമായത്. തന്റെ ഉറപ്പിന്റെ ധൈര്യത്തിലാണ് തന്ത്രി ക്ഷേത്ര നട അടച്ചതെന്നായിരുന്നു തുടർ വാക്യം. ഈ പ്രസ്താവനയ്ക്ക് പിന്നാലെ ദേവസ്വം ബോർഡ് ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. താൻ ശ്രീധരൻ പിളളയെ വിളിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിന് പിന്നാലെ ശ്രീധരൻ പിളളയുടെ പേരിൽ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. ഐപിസി 505 (1) (b) വകുപ്പ് പ്രകാരമാണ് ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ മേലുളള വാദ പ്രതിവാദങ്ങൾ തുടരുന്നതിനിടെ ഇന്ന് ശ്രീധരൻ പിളള തന്റെ പ്രസ്താവനയിൽ മലക്കം മറിയുകയും ചെയ്തു.

നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാവും ശരിയെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും, തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം ഇന്ന് തിരുത്തിയത്. ഇതിന് പുറകെ, അന്ന് ആരാണ് തന്നെ വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ