കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയുടേതായി പുറത്തുവന്ന ശബ്ദരേഖ ബിജെപിക്ക് തലവേദനയായി. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദത്തിനാണ് പ്രസംഗം തിരികൊളുത്തിയിരിക്കുന്നത്.

ശബരി മല പ്രശ്നം നമുക്കൊരു സുവർണ്ണാവസരമാണെന്നും, നമ്മൾ മുന്നോട്ടു വച്ച അജണ്ടയിൽ ഓരോരുത്തരായി വീണുവെന്നും പിഎസ് ശ്രീധരൻ പിളള പറയുന്നതാണ് ശബ്ദരേഖ. കോഴിക്കോട് യുവമോർച്ചയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ യോഗത്തിലെ പ്രസംഗമാണ് പുറത്ത് വന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ  ബി ജെ പി പ്രസിഡന്റ് തന്റെ പ്രസംഗത്തിന്  ന്യായീകരണവുമായും പ്രസംഗം പുറത്തുവിട്ടതിന്  മാധ്യമങ്ങളെ പഴിപറഞ്ഞും രംഗത്തെത്തി.   ശബ്ദരേഖയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങിനെയാണ്:

“അജണ്ട സെറ്റ് ചെയ്യാൻ കഴിയുന്നവരാണ് രാഷ്ട്രീയത്തിനകത്ത് ദൂരക്കാഴ്ചയോടെ നോക്കുമ്പോൾ വിജയിക്കുന്നതെന്ന് കരുതുന്ന ഒരാളാണ് താൻ. ശബരിമല ഒരു സമസ്യയാണ്. അതെങ്ങിനെ പൂരിപ്പിക്കുമെന്ന് ചോദിച്ചാൽ, നമുക്കതൊരു വര വരച്ച് അതിലൂടെ കൊണ്ടുപോകാൻ സാധിക്കില്ല. നമ്മളൊരു അജണ്ട മുന്നോട്ട് വച്ചു, ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട്, ഇന്നത് അവസാനിക്കുമ്പോൾ അവശേഷിക്കുന്നത് നമ്മളും നമ്മളുടെ എതിരാളികളായ ഭരണകൂടവുമാണ് എന്ന് ഞാൻ കരുതുകയാണ്.”

 

Sabarimala Temple LIVE: ശബരിമല; ബിജെപിയുടെ അജണ്ടയെന്ന് ശ്രീധരൻ പിളള

“ഈ കഴിഞ്ഞ മലയാള മാസം ഒന്നാം തീയ്യതി മുതൽ അഞ്ചാം തീയ്യതി വരെയുളള സമരം ഏതാണ്ട് ബിജെപിയാണ് അത് പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്. ശ്രീജിത്ത് രണ്ട് സ്ത്രീകളെയും കൊണ്ട് പോയപ്പോൾ യുവമോർച്ചയുടെ ഒരു ജില്ല ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അവരെ തടയിടാൻ സാധിച്ചത് എന്ന വസ്തുത നമുക്കറിയാം. പക്ഷെ അതിന് ശേഷം അതങ്ങിനെയല്ലാത്ത സാഹചര്യം ഉണ്ടായി. അതിനകത്ത് നമുക്കെന്തെങ്കിലും കോട്ടമുണ്ടായതായി ഞാൻ കരുതുന്നില്ല.”

“എതിരാളികൾ നമ്മുടെ സമരത്തെ വഴിതെറ്റിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഓരോ സമരത്തിനും അതിന്റേതായ പരിമിതികളുണ്ടാക്കും. അതുകൊണ്ട് താത്കാലിക നേട്ടമല്ല. പത്ത് വയസിനും അമ്പത് വയസിനും ഇടയിലുളള സ്ത്രീകളെ കൊണ്ടുപോകാതിരിക്കാൻ പരമാവധി ശ്രമിക്കണം.”

“ഇത് നമ്മളെ സംബന്ധിച്ച് ഒരു യുദ്ധമല്ല. ഇതൊരു ലോങ് സ്റ്റാന്റിങ് ഫൈറ്റാണ്. തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം എന്നെ സംബന്ധിച്ച് ബിജെപിയോടാണ്. അന്ന് സ്ത്രീകളവിടെ അടുത്തെത്തിയ അവസരത്തിൽ തന്ത്രി മറ്റൊരു ഫോണിൽ നിന്ന് വിളിച്ച് എന്നോട് സംസാരിച്ചപ്പോൾ ഞാനദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. എന്തോ അറംപറ്റിയത് പോലെ ആ വാക്ക് ശരിയാവുകയും ചെയ്തു.”

“അദ്ദേഹം അൽപ്പം അസ്വസ്ഥനായിരുന്നു. ഇത് പൂട്ടിയിട്ടാൽ കോടതി വിധിയുടെ ലംഘനമാവില്ലേ? കോടതിയലക്ഷ്യമാവില്ലേ? പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. അദ്ദേഹം അപ്പോൾ വിളിച്ച കൂട്ടത്തിലൊരാൾ ഞാനായിരുന്നു.”

“എന്നെ വിളിച്ച അവസരത്തിൽ ഞാൻ പറഞ്ഞു, തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല. ഇത് ഒറ്റ ദിവസം കൊണ്ട് നിൽക്കില്ല. കോടതിയലക്ഷ്യത്തിന് കേസെടുക്കെന്നെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുണ്ടാവും കൂട്ടത്തിൽ. തിരുമേനി ഒറ്റയ്ക്കല്ലെന്ന് പറഞ്ഞപ്പോൾ രാജീവര് എനിക്ക് സാറ് പറഞ്ഞ ഒറ്റ വാക്കുമതി എന്ന് പറയുകയുണ്ടായി. അന്നദ്ദേഹത്തിന്റെ ആ നീക്കമാണ് സർക്കാരിനെയും പൊലീസിനെയും സമ്മർദ്ദത്തിലാക്കിയത്. ഇന്നും അദ്ദേഹം അത് തന്നെ ചെയ്യുമെന്ന് ഞാൻ കരുതുന്നു.”

“എന്നെയും അദ്ദേഹത്തെയും ഒന്നിച്ച് കോടതിയലക്ഷ്യ കേസിൽ മാർക്സിസ്റ്റുകാർ പ്രതികളാക്കുമ്പോൾ, അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നുളളതാണ് വസ്തുത. അതുകൊണ്ട് നമുക്ക് സ്ട്രാറ്റജിയാണ് വേണ്ടത്.”

“പലയാളുകളും നമ്മുടെ ചാനൽ ചർച്ചകൾക്ക് പോകുമ്പോൾ, ഞാനാരെയും കുറ്റപ്പെടുത്തുകയല്ല. മാന്യമായ വാക്കുകളാണ് ഉപയോഗിക്കേണ്ടത്. വാക്കുകൾക്ക് ആയുധത്തേക്കാൾ ബലമുണ്ട്. വാക്ക് ഒരിക്കൽ വിക്ഷേപിച്ചാൽ തിരിച്ചെടുക്കാനാവില്ല. അനാവശ്യമായ വാക്കുകൾ കൊണ്ട് പൊതുസമൂഹത്തിൽ ഈ പാർട്ടിക്ക് യാതൊരു ക്ഷീണവും ഇതുവരെ ഉണ്ടാക്കാത്ത ആളായതിനാൽ രമേശ് ജീയോട് എനിക്ക് ആ തരത്തിലുളള ഇഷ്ടമുണ്ട്. രമേശ് മിതഭാഷിയായാണ് കാര്യം പറയുന്നതെങ്കിലും അദ്ദേഹം ഉളളിൽ തീവ്രവാദിയാണ്. ബോംബിനെക്കാൾ തീവ്രമായ വാക്കുകൾ അദ്ദേഹം ഇവിടെ ഉപയോഗിക്കും പക്ഷെ പുറമെ പോകുമ്പോൾ അത് ഉപയോഗിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.”

“ഏത് പോരാട്ടത്തിന്റെയും പിന്നിൽ പഠനം ആവശ്യമാണ്. ഒരു വിപ്ലവം നടത്തണമെങ്കിൽ, ഫ്രഞ്ച് വിപ്ലവമായാലും റഷ്യൻ വിപ്ലവമായാലും ഏത് വിപ്ലവത്തിനും പിന്നിലും അതിന് അണിയണിയായി സജ്ജമായി പോകുന്ന പോരാട്ടത്തിന്റെ രണവീരന്മാരുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ ചെറിയ വിഭാഗത്തിന്റെ പഠനമുണ്ട്. അവരുടെ പഠനത്തിന്റെ വിശകലനത്തിലൂടെ തന്ത്രമാവിഷ്കരിച്ചാണ് ഏത് പോരാട്ടവും വിജയത്തിലേക്ക് എത്തുന്നത്. ആ നിലയ്ക്ക് നോക്കുമ്പോൾ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശബരിമലയിൽ വിധി പ്രസ്താവം വന്ന് മണിക്കൂറുകൾക്ക് ശേഷം മുന്നോട്ട് വന്ന് വെല്ലുവിളി ഉയർത്തിയത് ആസൂത്രിതമാണ്. അര നൂറ്റാണ്ട് കാലമായി അവർക്ക് സാധിക്കാതെ പോയത് സാധിച്ചെടുക്കാനുളള കുറുക്കുവഴിയായി ശബരിമലയിലെ അവരുടെ ഇപ്പോഴത്തെ നിലപാടെന്ന് ഞാൻ കരുതുകയാണ്.”

“കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനമായ ഭൗതികതയ്ക്ക് വേണ്ടി പരിശ്രമിച്ച് കൊണ്ടിരുന്ന ഒരു പ്രസ്ഥാനം, അതിന് വേണ്ടി അരയും തലയും മുറുക്കി തലമുറകളാൽ സജ്ജമാക്കി ജീവൻ കൊടുത്ത അനേകമാളുകളുടെ ജീവൻ കൊടുത്ത പ്രസ്ഥാനമാണ് സിപിഎം. അവിടെ അവരുടെ എതിരാളി എന്നും ഇന്ത്യൻ ദേശീയതയാണ്. ആരൊക്കെ ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ടോ അവരെയൊക്കെ ശത്രുക്കളായാണ് കമ്യൂണിസം എന്നും കണ്ടത്.”

“ഈ സമരത്തിന്റെ അടിവേര് എവിടെയാണ്. 19ാം പാർട്ടി കോൺഗ്രസ് നടന്നത് കോയമ്പത്തൂരിലാണ്. തെറ്റുതിരുത്തൽ പ്രമേയം അതിൽ പ്രധാനമാണ്. അഞ്ച് കാര്യങ്ങളാണ് അതിൽ തെറ്റ് തിരുത്തേണ്ടത്. ഒന്ന് ആർഭാടം ഒഴിവാക്കണം എന്നൊക്കെ പറഞ്ഞിട്ട് ഏറ്റവും ഒടുവിൽ പറഞ്ഞത്, ചില പാർട്ടി പ്രവർത്തകർ ജാതി-മത സമ്പ്രദായം തുടരുന്നതായി പറയുന്നുണ്ട്. ചില പാർട്ടി പ്രവർത്തകൾ സ്ത്രീധനം വാങ്ങുന്നതായി പരാതിയുണ്ട്. ജന്മദിനം, വീട് നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേരളത്തിലെ അംഗങ്ങൾ ആഡംബര സദ്യകൾ നടത്തുന്നുണ്ട്. കേരളത്തിലെ സംഘടനാ റിവ്യു അത്തരം പ്രവണതകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നേതൃത്വത്തിലിരിക്കുന്നവരും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരും ലളിതമായ ജീവിതശൈലി പിന്തുടരണമെന്ന് പാർട്ടി നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നടപടി വരുത്തിയിട്ടില്ല. അവർ മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കുകയോ വ്യക്തിപരമായി മതാചാരങ്ങൾ അനുവർത്തിക്കുകയോ ചെയ്യരുത്,” ശ്രീധരൻ പിളള സിപിഎം പ്രമേയത്തിലെ ഉളളടക്കം വായിച്ചു.

“അപ്പോൾ ഏറ്റവും വലിയ തെറ്റായി കണ്ടത് മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കുകയോ വ്യക്തിപരമായി മതാചാരങ്ങൾ അനുവർത്തിക്കുകയോ ചെയ്യരുത് എന്നതാണ്. ഇതാണ് തെറ്റുതിരുത്തൽ പ്രമേയത്തിൽ കോയമ്പത്തൂരിലെ പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. ഇത്തരത്തിൽ യുക്തിഭദ്രമായി കാര്യങ്ങൾ അവതരിപ്പിക്കാൻ നമുക്ക് സാധിക്കണം.” ശ്രീധരൻ പിളള പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.