സന്നിധാനം: ശബരിമലയിലേക്ക് അമ്പതിൽ താഴെ പ്രായമുളള സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചുവെന്ന പ്രചാരണത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി എന്നീ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നട തുറന്നപ്പോള്‍ തൃശ്ശൂരില്‍നിന്നുള്ള സ്ത്രീകളുടെ സംഘം ദര്‍ശനത്തിനെത്തിയിരുന്നു. ഇവരിൽ ഒരാൾക്ക് 52 വയസ് പ്രായം ഉണ്ടായിരുന്നു. എന്നാൽ പ്രായത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് ചിലർ പ്രതിഷേധവുമായി എത്തി.

ഈ ഘട്ടത്തിലാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. പൊലീസ് എയ്ഡ് പോസ്റ്റിന്റെ മുകളില്‍ നിന്ന് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച, മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനു നേരെ ആക്രമണമുണ്ടായി. ഇദ്ദേഹം കെട്ടിടത്തിന്റെ സൺ ഷെയ്‌ഡിന് മുകളിൽ കയറി നിന്നു. ഇവിടേക്ക് ഇരമ്പിയെത്തിയ പ്രതിഷേധക്കാർ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു.

പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിനു നേര്‍ക്ക് കസേര വലിച്ചെറിയുകയും ചെയ്തു. ഒരാൾ തേങ്ങയെറിഞ്ഞതായും ആക്ഷേപമുണ്ട്. അമൃത ടിവിയിലെ മാധ്യമപ്രവർത്തകനും മർദ്ദനമേറ്റു. ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. സന്നിധാനത്ത് നിലയുറപ്പിച്ചിരുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ വളഞ്ഞ് വച്ച ശേഷം ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ