/indian-express-malayalam/media/media_files/uploads/2018/10/Sabarimala.jpg)
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ 210 പേരുടെ കൂടി ചിത്രം പൊലീസ് പുറത്തുവിട്ടു. ഗുരുതര കുറ്റങ്ങൾ ചെയ്തവരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. 210 പേരുടെ ചിത്രം പുറത്തുവിട്ട് നേരത്തെയും അക്രമികളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചിരുന്നു.
210 പേരുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ടതോടെ ആകെ 630 പേരുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു. എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ചിത്രങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്താകമാനം അക്രമ സംഭവങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി.
ആകെ 529 കേസുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ 122 പേരെ പൊലീസ് റിമാന്റ് ചെയ്തു. ശേഷിച്ചവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊതുമുതൽ നശിപ്പിച്ചതും, സ്ത്രീകളെ ആക്രമിച്ചതുമായ കേസുകളിൽ കുറ്റക്കാരെന്ന് പൊലീസ് കണ്ടെത്തിയവരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നടന്ന സംഘർഷത്തിൽ ഇരുന്നൂറിലേറെ പേരാണ് അറസ്റ്റിലായത്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണ് അധികവും.
അതേസമയം ഇന്നും സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നവംബർ അഞ്ചിന് ക്ഷേത്ര നട തുറക്കേണ്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ ഒന്നുകൂടി വിലയിരുത്താനാണ് ശ്രമം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.