മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി, സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും

പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം, തീര്‍ഥാടകര്‍ക്ക് പകലും വിരിവയ്ക്കാം

Sabarimala Temple, ശബരിമല, Sabarimala Pilgrimage, ശബരിമല തീര്‍ഥാടനം, മകരവിളക്ക്, Makaravilakku, Sabarimala Relaxations, Sabarimala News, Kerala News, IE Malayalam, ഐഇ മലയാളം
മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ആഴി ശുദ്ധീകരിക്കുന്നു

തിരുവനന്തപുരം: മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സുഗമമായും മകരജ്യോതി ദര്‍ശിക്കാനുളള സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഓരോ വകുപ്പുകളും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തില്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നശേഷം ഒരു ലക്ഷത്തിമുപ്പതിനായിരം പേര്‍ ഇതുവരെ ശബരിമലയില്‍ എത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഡിസംബര്‍ 31 നാണ്. ശരാശരി ഏകദേശം നാല്‍പതിനായിരം പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ എത്തുന്ന സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം ദര്‍ശന കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിനായി ബാരിക്കേഡുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ദേവസ്വം മരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി ദര്‍ശനം അനുവദിക്കും. മറ്റ് കേന്ദ്രങ്ങളായ നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുക.

ഇടുക്കി ജില്ലയിലെ പുല്ല്മേട്, പാഞ്ചാലിമേട്, പരുന്തുപാറ എന്നിവിടങ്ങളിലും ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും എഡിഎം പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലും ആവശ്യമായ വൈദ്യുതി സംവിധാനങ്ങളും കുടിവെളള ടാപ്പുകളും സ്ഥാപിക്കും.

ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുളള എല്ലാ വകുപ്പുകളും ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടുന്നതിനുളള തയാറെടുപ്പുകള്‍ നടത്തണം. ആവശ്യമായ ജീവനക്കാരയും ഇതിനായി നിയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ദര്‍ശന സൗകര്യം ഒരുക്കുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സന്നിധാനത്ത് കൂടുതല്‍ വിരിസ്ഥലങ്ങള്‍ ഒരുക്കിയ സാഹചര്യത്തില്‍ തീര്‍ഥാടകരെ പകല്‍ സമയങ്ങളിലും വിരിവയ്ക്കാന്‍ അനുവദിക്കും. നേരത്തെ രാത്രി മാത്രമായിരുന്നു വിരിവയ്ക്കാന്‍ അനുമതിയുണ്ടായിരുന്നത്. പരമാവധി 12 മണിക്കൂര്‍ മാത്രമേ വിരിവയ്ക്കാന്‍ അനുവദിക്കുകയുളളു. പരമാവധി തീര്‍ഥാടകര്‍ക്ക് മകരജ്യോതി ദര്‍ശിക്കാനുളള സാഹചര്യമൊരുക്കാനാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പോലീസുമായും ആരോഗ്യ വകുപ്പുമായും ആലോചിച്ച് ആവശ്യമായ കമീകരണങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സന്നിധാനം പോലീസ് കണ്‍ട്രോളര്‍ ബി.അജിത്കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാനനപാതയില്‍ തീര്‍ഥാടന സമയം നീട്ടി

കരിമല വഴിയുളള കാനനപാതയില്‍ തീര്‍ഥാടകരെ കടത്തിവിടുന്ന സമയ ക്രമത്തിലും മാറ്റം വരുത്തിയതായി എഡിഎം അറിയിച്ചു. ഒരു മണിക്കൂര്‍ കൂടി അധിക സമയം അനുവദിക്കും. എരുമേലി കോയിക്കല്‍ക്കടവില്‍ നിന്നും രാവിലെ 5.30 മുതല്‍ 11.30 വരെ തീര്‍ഥാടകരെ പ്രവേശിപ്പിക്കും. അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളില്‍ നിന്നും രാവിലെ ഏഴു മുതല്‍ ഒരു മണി വരെയും തീര്‍ഥാടകരെ കടത്തിവിടും.

മകരവിളക്ക് ഉത്സവം അടുക്കാറായതും തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്ന വര്‍ധനവും കണക്കിലെടുത്താണ് കാനനപാത വഴിയുളള തീര്‍ഥാടന സമയം പുന:ക്രമീകരിച്ചത്. കാനനപാതയിലൂടെ ഇതുവരെ ഏകദേശം 6000 പേര്‍ പമ്പയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച 1532 പേരാണ് ഇതു വഴി എത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala temple pilgrimage makaravilakku festival

The moderation of comments is automated and not cleared manually by malayalam.indianexpress.com