സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഭക്തര്‍ക്ക് പ്രവേശനം തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകർന്നു.

പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേൽശാന്തി എം എൻ.രജികുമാറിൻ്റെയും അഭിഷേക അവരോധിക്കൽ ചടങ്ങുകൾ വൈകുന്നേരം 6.45 ന് നടന്നു.ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ശബരിമല മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു.

തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെ അയ്യപ്പന് മുന്നിൽ വച്ച് അഭിഷേകം നടത്തി അവരോധിക്കുകയായിരുന്നു.ശേഷം തന്ത്രി കണ്ഠരര് രാജീവരര് മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി , മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പൻ്റെ മൂലമന്ത്രം ഓതി കൊടുത്തു. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തി എം.എൻ.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിച്ചു. ഹരിവരാസനത്തെ തുടർന്ന് രാത്രി 9 മണിക്ക് നിലവിലെ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ക്ഷേത്ര തിരുനട അടച്ച് താക്കോൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറി.

വൃശ്ചികം ഒന്നായ 16 ന് പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. 16 ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ മല കയറാന്‍ അനുവദിക്കും. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതല്‍ ദര്‍ശനത്തിനായി എത്തിച്ചേരുക. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30ന് തുറക്കും. 2021 ജനുവരി 14ന് ആണ് മകരവിളക്ക്.

കോവിഡ് മാനദണ്ഡങ്ങൾ​ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകളും ദർശനവും. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 24 മണിക്കൂറിനുളളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എൽടിസിയിലേക്ക് മാറ്റും.

വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ വഴികളിൽക്കൂടി മാത്രമാണ് ഇത്തവണ ശബരിമലയിലേക്ക് യാത്രാനുമതിയുള്ളത്. ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെങ്കിലും തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ പാർക്കുചെയ്യണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.