പത്തനംതിട്ട: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഇടവമാസ പൂജകൾ ആരംഭിച്ചു. ഇടവം ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് നട തുറന്നത്. വിളക്കുകൾ തെളിയിക്കൽ ഒഴികെ ഇന്നലെ പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ കണക്കിലെടുത്ത് ഈ മാസവും ഭക്തർക്ക് പ്രവേശനം അനുവദിക്കുകയില്ല. നട തുറന്ന 14 മുതൽ അടക്കുന്ന 19-ാം തീയതി വരെ പതിവ് പൂജകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.

Read More: കേരളത്തിൽ കാലവർഷം ജൂൺ അഞ്ചിനെത്തും

അഞ്ച് ദിവസങ്ങളിൽ നട തുറക്കുന്നതിലും അടക്കുന്നതിലും സമയക്രമീകരണം വരുത്തിയിട്ടുണ്ട്. പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കോവിഡ് കാരണം ശബരിമലയിൽ മീനമാസ പൂജയ്ക്ക് ഭക്തരെ നിയന്ത്രിക്കുകയും ഉത്സവം വിലക്കുകയും ചെയ്തിരുന്നു. വഴിപാടുകളും ഉപേക്ഷിച്ചിരുന്നു. മാർച്ചിലെ 10 ദിവസത്തെ ഉത്സവം, ഏപ്രിലിലെ വിഷു ഉത്സവം എന്നിവയും ഉപേക്ഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.