തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 4.50 ഓടെ ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു.
ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് വൈകിട്ട് ആറ് മണിക്കാണ്. വൃശ്ചികം ഒന്നായ നാളെ മുതലാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം.
ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല, മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന് നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്കു മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക.
സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേത്രതന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിലേക്കു കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതിക്കൊടുക്കും. പിന്നീട് മാളികപ്പുറംക്ഷേത്രത്തില് വച്ച് മാളികപ്പുറം മേല്‍ശാന്തിയെ അവരോധിക്കും.
ഒരു വര്‍ഷത്തെ ശാന്തി വൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും 15 നു രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി കലിയുഗവരദനു യാത്രാവന്ദനം നടത്തി വീടുകളിലേക്കു മടങ്ങും. വൃശ്ചികം ഒന്നായ 16നു പുലര്‍ച്ചെ ഇരുക്ഷേത്രനടകളും തുറക്കുന്നത് പുറപ്പെടാ ശാന്തിമാരായ എന്‍ പരമേശ്വരന് നമ്പൂതിരിയും ശംഭു നമ്പൂതിരിയും ആയിരിക്കും.
മഴ തുടരുന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം
നാളെ മണ്ഡലകാലം ആരംഭിക്കാനിരിക്കെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ശബരിമലയിലേക്കുള്ള പല റോഡുകളിലും ഗതാഗത തടസം നേരിടുന്നതായാണ് വിവരം. പുനലൂര്‍– മൂവാറ്റുപുഴ, പന്തളം– പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അച്ചന്‍കോവിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. പത്തനതിട്ട ജില്ലയില്‍ മഴ ശമിക്കാതെ തുടരുകയാണ് നിലവില്‍.
Also Read: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഒരുങ്ങി ശബരിമല; പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി
മണ്ഡല മഹോത്സവം ഡിസംബർ 26 വരെ
16 മുതല്‍ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോത്സവം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. ഡിസംബർ 30 മുതൽ ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം.
നാളെ മുതല്‍ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതിയുണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിംബർ 22നും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന മകരവിളക്ക് ദിനമായ ജനുവരി 14 ന് വൈകിട്ട് 6.30 നും നടക്കും.
ഒരുക്കങ്ങൾ പൂർത്തിയായി
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനത്തും പരിസരത്തും ഒരുക്കങ്ങൾ പൂർത്തിയായി. സന്നിധാനം ,നടപ്പന്തല്‍ നവീകരണം, നടപ്പന്തല്‍ വൃത്തിയാക്കല്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ ക്രമീകരണം, സന്നിധാനത്തെയും പരിസരത്തെയും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റല്‍, കുടിവെള്ള വിതരണ കിയോസ്ക്, പ്രസാദ വിതരണം, ശുചിമുറി സൗകര്യം, ദര്‍ശനത്തിന് വരിനില്‍ക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
Also Read: ശബരിമല തീര്‍ത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടിയ ഫയര്‍ഫോഴ്സിന്റെ സേനാംഗങ്ങളെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചതായി സർക്കാർ അറിയിച്ചു. കേന്ദ്രസേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
അഗ്നിശമന വിഭാഗം അഗ്നി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി. ഭക്തര്‍ക്കുള്ള നെയ്യഭിഷേക പ്രസാദ വിതരണത്തിനും കൂട്ടം തെറ്റിയാല്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്മെന്റ് നടത്തുന്നതിനുമുള്ള ക്രമീകരണം ദേവസ്വം ബോര്‍ഡ് ഒരുക്കി.
തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ ബസുകളും ജീവനക്കാരെയും കെ എസ് ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തും പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്.
Also Read: ശബരിമല വെർച്വൽ ക്യൂ: ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാർ