Sabarimala Temple LIVE: പമ്പ: ചിത്തിരആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴും സന്നിധാനം സംഘർഷഭരിതം. 50 വയസ്സിനു താഴെയുളള സ്ത്രീകൾ ദർശനത്തിനെത്തിയെന്ന അഭ്യൂഹത്തെത്തുടർന്ന് സന്നിധാനത്ത് വലിയ രീതിയിൽ പ്രതിഷേധം ഉണ്ടായി. മാധ്യമപ്രവർത്തകരടക്കം ആക്രമിക്കപ്പെട്ടു.

ശബരിമലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. വത്സൻ തില്ലങ്കേരി ഇരുമുടികെട്ട് ഇല്ലാതെ പതിനെട്ടാം പടി ചവിട്ടിയതാണ് വിവാദമായത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് പറഞ്ഞു.

ഇതിനുപിന്നാലെയാണ് ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് ഇരുമുടികെട്ട് ഇല്ലാതെ പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതോടെ ശബരിമലയിൽ ആചാര ലംഘനം നടന്നെന്ന് തന്ത്രി കണ്ഠരര് രാജീവരര് വ്യക്തമാക്കി.

Sabarimala Temple Live Updates:

10.05 pm: 29 മണിക്കൂർ നേരത്തെ തീർത്ഥാടനം അവസാനിച്ചു. ശബരിമല നട അടച്ചു. മണ്ഡല മാസ മഹോത്സവത്തിനായി വൃശ്ചികം ഒന്നിന് നട തുറക്കും.

5.40 pm: ഇരുമുടികെട്ട് ഇല്ലാതെ പടി ചവിട്ടിയത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവരര്. പൂജാരിമാർക്കും പന്തളം കൊട്ടാരം പ്രതിനിധിക്കും മാത്രമാണ് ഇരുമുടി കെട്ടില്ലാതെ പടി ചവിട്ടാൻ അനുവാദമുള്ളത്

5.01 pm: അവസാനഘട്ട പൂജകൾക്കായി ശബരിമല നട തുറന്നു. രാത്രി 10 മണിക്ക് നട അടയ്ക്കും.

4.45 pm: ശബരിമലയിലെ നിരോധനാജ്ഞ ഇന്നു രാത്രി 12 മണിക്ക് അവസാനിക്കും.

4.15 pm: ശബരിമലയിലേത് ദുരന്ത പൂർണമായ അന്തരീക്ഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള. ശബരിമലയിലെ കടന്നുകയറ്റത്തിൽ സർക്കാർ മാപ്പ് പറയണം

3.45 pm:

3.20 pm: സംഘപരിവാറിൽനിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് ഇ.പി.ജയരാജൻ. ഭീകരവാദികളാണ് ശബരിമലയിൽ ആക്രമണത്തിനായി തമ്പടിച്ചിരിക്കുന്നത്. അതിരു കടന്നാൽ എങ്ങനെ നേരിടണമെന്ന് അറിയാം.

2.20 pm: ശബരിമലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ്

1.15 pm: ശബരിമലയിലെ നിയന്ത്രണം പൊലീസിന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാനം തകർക്കാനുളള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി

12.10 am: സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് സുരക്ഷ കർശനമാക്കി. എന്നാൽ സന്നിധാനത്ത് ഏതെങ്കിലും തരത്തിലുളള അക്രമം ഉണ്ടാകാൻ പൊലീസ് ആഗ്രഹിക്കുന്നില്ല. പരമാവധി സമാധാനം പാലിക്കുന്നുണ്ട്.

11.30 am: സന്നിധാനത്ത് സ്ഥിതിഗതികൾ ശാന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കോഴിക്കോട്.

11.20 am: ശബരിമല സന്നിധാനത്ത് 200 ഓളം കണ്ടാലറിയാവുന്നവർക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നു.

10.50 am: സന്നിധാനത്ത് പ്രതിഷേധിച്ചവർക്ക് എതിരെ സന്നിധാനം പൊലീസ് കേസെടുക്കുമെന്ന് വിവരം.

10.10 am: നിലയ്ക്കലിൽ നിന്ന് തങ്ങളുടെ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളും പൊലീസും തമ്മിൽ വാക്കുതർക്കം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ, ജെ പദ്മകുമാർ, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല തുടങ്ങിയവരാണ് പൊലീസുമായി വാക്കേറ്റം നടത്തുന്നത്.

9.15 am: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പ്രതിഷേധക്കാർ വളഞ്ഞതായി വാർത്ത. മാധ്യമപ്രവർത്തകരെ സംഘടിതമായി ആക്രമിക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ പൊലീസ് ഇവരെ രക്ഷിക്കാൻ സാധിച്ചില്ല.

8.45 am: ആരോടും പരാതിയില്ലെന്ന് തൃശ്ശൂർ സ്വദേശിനിയായ സ്ത്രീ. “ആരോട് പരാതിപ്പെട്ടിട്ടെന്താ? കിട്ടാനുളളതൊക്കെ കിട്ടി. ഉണ്ണിയെ കുറിച്ചായിരുന്നു എനിക്ക് പേടി. ഉണ്ണിക്ക് ചോറൂണിനായി വന്നതാണ്,” അവർ
മലയിറങ്ങുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞു.

8.30 am: സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് എതിരെയും പ്രതിഷേധം. മാതൃഭൂമി ന്യൂസിന്റെ ക്യാമറാമാനെ മർദ്ദിക്കാനായി പ്രതിഷേധക്കാരുടെ ശ്രമം. അമൃത ടിവിയിലെ മാധ്യമപ്രവർത്തകൻ ഓടി രക്ഷപ്പെട്ടു.

8.15 am: തൃശ്ശൂർ സ്വദേശിനിയായ സ്ത്രീ സന്നിധാനത്ത് ദർശനം നടത്തുന്നു. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു. എന്നാൽ യുവതി പ്രവേശിക്കാനെത്തിയെന്ന പ്രചാരണമാണ് പ്രതിഷേധത്തിന് കാരണമായത്.

7.55 am: പൊലീസ് ഇടപെടൽ ഫലം കാണുന്നു. 52 വയസ് പ്രായമുണ്ടെന്ന് വ്യക്തമായതോടെ ഇവർക്ക് ദർശനത്തിന് അവസരം നൽകാൻ തീരുമാനമായി. പ്രതിഷേധക്കാർ നിലപാട് മയപ്പെടുത്തി.

7.40 am: സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം. ഇവർക്ക് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചവിട്ടേറ്റതായും ആരോപണമുണ്ട്. രക്തസമ്മദ്ദം കുറഞ്ഞ ഇവരെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7.30 am: പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നു. ക്ഷേത്ര ദർശനത്തിന് എത്തിയത് അമ്പത് വയസിൽ കൂടുതൽ പ്രായമുളള സ്ത്രീയാണ്. ഇക്കാര്യം പ്രതിഷേധക്കാരെ അറിയിക്കാനാണ് ശ്രമം. സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് പ്രകാരം 1967 ലാണ് ഇവരുടെ ജനനം. സ്ത്രീക്ക് 52 വയസുണ്ട്.

7.25 am: തൃശ്ശൂരിൽ നിന്നുളള സ്ത്രീയെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. മകന്റെ കുഞ്ഞിന്റെ ചോറൂണിന് എത്തിയതാണ് ഇവർ. അഞ്ച് പേരുളള സംഘമാണ്. ഇവരിൽ ഒരാൾക്കെതിരെ മാത്രമാണ് പ്രതിഷേധം.

7.20 am: ശബരിമല ദർശനത്തിനായി ഇന്നലെ ആറ് ആന്ധ്ര സ്വദേശിനികളും എത്തിയിരുന്നു. എന്നാൽ സന്നിധാനത്ത് സ്ഥിതിഗതികൾ ശാന്തമല്ലെന്ന് അറിയിച്ച് ഇവരെ പൊലീസ് മടക്കി അയച്ചു.

7.15 am: ദർശനത്തിനെത്തിയ ചേർത്തലയിൽ നിന്നുളള യുവതി ഉൾപ്പെട്ട നാലംഗ കുടുംബത്തെ ഇന്നലെ പൊലീസ് മടക്കി അയച്ചിരുന്നു. ശബരിമലയ്ക്ക് പോകണം എന്ന് യുവതിയുടെ ഭർത്താവിനായിരുന്നു നിർബന്ധം. ഇദ്ദേഹം ഒരു കൊലക്കേസിൽ പ്രതിയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു പൊലീസ് തീരുമാനം.

7.00 am: സന്നിധാനത്ത് തൊഴാൻ അമ്പതിൽ താഴെ പ്രായമായ സ്ത്രീയെത്തിയെന്ന് പ്രചാരണം. സന്നിധാനത്തെ വലിയ നടപ്പന്തലിൽ 200 ലേറെ വരുന്ന ഭക്തർ പ്രതിഷേധിക്കുന്നു. ഇവരെ നിയന്ത്രിക്കാൻ പൊലീസിന്റെ കഠിന പരിശ്രമം.

5.00 am: ശബരിമല നട തുറന്നു. സന്നിധാനത്ത് ആയിരക്കണക്കിന് ഭക്തരാണ് ഉളളത്. ബിജെപി നേതാക്കളായ എംടി രമേശ്, കെ സുരേന്ദ്രൻ എന്നിവരും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും സന്നിധാനത്തുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.