തുലാമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്ര നട അടച്ചു

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട അടച്ചു. അയ്യപ്പദർശന പുണ്യം നേടാനായി ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് എത്തിയത്.

ശബരിമല അയ്യപ്പ സന്നിധിയിൽ നടന്ന സഹസ്രകലശം എഴുന്നെള്ളിപ്പും തുടർന്ന് നടന്ന സഹസ്രാ കലശാഭിഷേകവും കണ്ട് തൊഴാൻ ശരണം വിളികളുമായി അയ്യപ്പഭക്തർ നിരവധിയായിരുന്നു. അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കും ഭക്തിയുടെ നിറവിൽ കളഭാഭിഷേകം നടന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു സഹസ്രാഭിഷേകവും കളഭാഭിഷേകവും. ദീപാരാധനക്ക് ശേഷം നടന്ന പടിപൂജ തൊഴാനും അയ്യപ്പ ഭക്തരുടെ തിരക്കായിരുന്നു.

അത്താഴപൂജയ്ക്ക് ശേഷം അയ്യപ്പന് ഭസ്മാഭിഷേകം നടത്തി. തുടർന്ന് ഹരിവരാസനം പാടി ക്ഷേത്ര ശ്രീകോവിൽ നട അടച്ചു. ചിത്തിര തിരുനാൾ ആട്ടവിശേഷത്തിനായി നവംബർ 5ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും. 6 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

നവംബർ 16ന് വൈകുന്നേരമാണ് 41 ദിവസത്തെ മണ്ഡല മാസ പൂജകൾക്കായി നട തുറക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ