പമ്പ: ശബരിമല ദർശനത്തിന് യുവതികൾ എത്തിയതിനെ തുടർന്ന് പമ്പയിൽ പ്രതിഷേധം. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന മനിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നും 11 പേരടങ്ങിയ സംഘമാണ് എത്തിയത്. പമ്പ ഗണപതി കോവിലിൽ കെട്ടുനിറയ്ക്കാൻ പൂജാരിമാർ വിസമ്മതിച്ചതിനെ തുടർന്ന് സ്വയം കെട്ടുനിറച്ചാണ് മനിതി സംഘം മല കയറാൻ ഒരുങ്ങിയത്. 11 പേരടങ്ങിയ സംഘത്തിലെ ആറുപേരാണ് കെട്ടുനിറച്ച് പതിനെട്ടാം പടി കയറാൻ പോയത്.

പക്ഷേ, ശബരിമല ദർശനത്തിന് മുൻപ് സ്ത്രീകൾ എത്തിയപ്പോഴുണ്ടായ ശക്തമായ പ്രതിഷേധം മനിതി സംഘത്തിനു നേരെയും ഉണ്ടായി. പ്രതിഷേധം ശക്തമായിട്ടും മല കയറുന്നതിൽനിന്നും പിന്മാറാൻ സംഘം തയ്യാറായില്ല. പൊലീസ് അനുനയശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുവതികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി യുവതികൾക്ക് മല ചവിട്ടാൻ പൊലീസ് സുരക്ഷ ഒരുക്കി.

യുവതികൾ മല കയറാൻ തുടങ്ങിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. 100 മീറ്റർ മാത്രമേ യുവതികൾക്ക് പോകാനായുളളൂ. അതിനിടെ പ്രതിഷേധക്കാരുടെ സംഘം കൂട്ടമായെത്തി യുവതികളെ തടഞ്ഞു. പ്രാണരക്ഷാർത്ഥം യുവതികൾ പൊലീസ് ഗാർഡ് റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് ഇവരെ പമ്പ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. പ്രതിഷേധം ശക്തമായതോടെ മനിതി സംഘം മല കയറാതെ മടങ്ങി.

അതേസമയം, ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ഇതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. ഇതിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം. ഇപ്പോൾ വന്നിട്ടുള്ള സ്ത്രീകൾ നക്സൽ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

1.30 PM: മനിതി സംഘം ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരീകഷണ സമിതിയെ നിയോഗിച്ചത്. നിരീക്ഷണ സമിതി അഭിപ്രായം പറയണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

12.48 PM: വയനാട്ടിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ അമ്മിണിയും മടങ്ങുന്നു. മനിതി സംഘം മടങ്ങിയതിനാലാണ് എരുമേലിയിൽ എത്തിയ അമ്മിണിയും തിരികെ പോകുന്നത്.

12.38 PM: മനിതി സംഘം സ്വയം പിന്മാറിയതാണെന്ന് പൊലീസ് പറയുമ്പോൾ, തങ്ങൾക്ക് ശബരിമലയ്ക്ക് പോകണമെന്ന് തന്നെയാണ് മനിതി നേതാവ് വ്യക്തമാക്കുന്നത്. പൊലീസ് നിർബന്ധപൂർവ്വം പറഞ്ഞയക്കുകയാണെന്നും തിരിച്ചുവരുമെന്നുമാണ് മടങ്ങുന്നതിന് മുമ്പ് മനിതി നേതാവ് സെൽവി പറഞ്ഞത്.

12.35 PM: ശബരിമല ദർശനം പൂർത്തിയാക്കാനാകതെ മനിതി സംഘം മടങ്ങുന്നു

12.08 PM: എസ്‍പി മനിതി സംഘവുമായി ചർച്ച നടത്തുന്നു. പമ്പയിലെ പൊലീസ് വാഹനത്തിനുള്ളിലാണ് ചർച്ച

12.00 PM:

11.50 AM: മനിതി സംഘം പമ്പയിലെ പൊലീസ് കൺട്രോൾ റൂമിൽ തുടരുന്നു

11.35 PM: പൊലീസ് നടപടി എട്ട് മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ

11.30 AM: മനിതി സംഘം തിരിച്ച് ഗാർഡ് റൂമിലേക്ക് പോകുന്നു. പ്രതിഷേധക്കാർ കൂട്ടമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ

11.29 AM:

11.25 AM: കനത്ത പൊലീസ് സംരക്ഷണത്തിൽ മനിതി സംഘം സന്നിധാനത്തേക്ക്

11.20 AM: പമ്പയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

11.15 AM: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം. കൂടുതൽ പൊലീസ് പമ്പയിലേക്ക്

11.10 AM: വയനാട്ടിൽ നിന്നുമുള്ള ആദിവാസി നേതാവ് അമ്മിണിയും ശബരിമലയിലേക്ക്. കൂടുതൽ അംഗങ്ങൾ തന്നൊടൊപ്പം ചേരുമെന്നും അമ്മിണി പറഞ്ഞു

11.05 AM:

11.00 AM: സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്, ഔദ്യോഗികമായി അറിയിച്ചാൽ മടങ്ങിപോകാൻ തയ്യാറാണെന്ന് മനിതി സംഘം. എന്നാൽ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.

10.50 AM: സന്നിധാനത്ത് തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ല. തിരക്ക് കൂടുതലായതിനാൽ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് പൊലീസ്.

10.40 AM:

10.30 AM: യുവതി പ്രവേശനത്തിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പൊലീസും ദേവസ്വം ബോർഡുമെന്നും സമിതി

10.15 AM: മനിതി സംഘത്തിന്റെ ശബരിമല ദർശനത്തിൽ നിരീക്ഷക സമിതി തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹൈക്കോടതി നേരിട്ട് നിയമിച്ചിരിക്കുന്ന നിരീക്ഷിക സമിതിയുടെ നിർദേശങ്ങളനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

10.00 AM: ശബരിമലയിൽ ആചാരലംഘനം നടന്നാൽ എന്തുചെയ്യണമെന്ന് തന്ത്രിക്കറിയാമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. താൻ അതിനെ കുറിച്ച് തന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു

09.45 AM: പമ്പയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ പമ്പയിലേക്ക് എത്തുന്നു. മലയിറങ്ങുന്നവരും പമ്പയിൽ തന്നെ തങ്ങുന്നു

09.30 AM: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്.

09.15 AM:

09.00 AM: നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ബസ് സർവ്വീസ് കെഎസ്ആർടിസി താൽക്കാലികമായി നിർത്തിവച്ചു. ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് സർവ്വീസ് നിർത്തിവയ്ക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.