ചേർത്തല: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മലക്കം മറിഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങളിൽ എസ്എൻഡിപി പ്രവർത്തകർ പങ്കെടുക്കുന്നതിനെ എതിർക്കില്ലെന്ന് വെള്ളാപ്പളളി പറഞ്ഞു. പ്രവർത്തകർക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കാം. എന്നാൽ എസ്എൻഡിപി എന്ന മേൽവിലാസത്തിൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി നിരാശാജനകമാണ്. സുപ്രീം കോടതി വിധി അപ്രസക്തം. വിധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണം. സുപ്രീം കോടതി വിധി ജനങ്ങൾ മറികടക്കുമെന്നും വെളളാപ്പളളി അഭിപ്രായപ്പെട്ടു.

എൻഎസ്എസ് സമരം കലാപത്തിനുളള കോപ്പുകൂട്ടലാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനു മുൻപ് ഹിന്ദു സംഘടനകളുടെ യോഗം വിളിക്കേണ്ടിയിരുന്നു. സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കാൻ എസ്എൻഡിപിക്ക് ബാധ്യതയില്ല. എൻഎസ്എസ്സിന് ഗുണകരമായി സംവരണ ബിൽ പാസ്സാക്കിയ ഇടതു സർക്കാർ ഇരന്നു വാങ്ങിയതാണ് വിധിയെന്നും വെളളാപ്പളളി പറഞ്ഞു.

ശബരിമല വിധിക്കെതിരെയുളള അയ്യപ്പ ഭക്തരുടെ പ്രതിഷേധങ്ങൾക്ക് എസ്എൻഡിപി യോഗത്തിന്റെ പിന്തുണയില്ലെന്നായിരുന്നു നേരത്തെ വെളളാപ്പളളി പറഞ്ഞത്. വിധിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളി വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും വ്യക്തമാക്കി.

ഇതിനുപിന്നാലെയാണ് ബിഡിജെഎസ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെളളാപ്പളളി വ്യക്തമാക്കിയത്. കൂടിയാലോചന ഇല്ലാതെ സമരം നടത്തരുതെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെന്നും അതിനെ വളച്ചൊടിക്കുകയാണ് ചിലരെന്നുമാണ് തുഷാർ വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.