ഷാർജ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

എല്ലാവരും ഉണ്ടായത് ഒരു സ്ത്രീയില്‍ നിന്നാണെന്നും ആ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ദൈവം തന്റെ ദൈവമല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സംഘ്പരിവാര്‍ അനുകൂല സംഘടനകളുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്.


(വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

അതേസമയം, ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ശബരിമലയും പരിസര പ്രദേശങ്ങളും പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍വന്നു. നവംബര്‍ ആറ് അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ. തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനും അവരുടെ വാഹനങ്ങള്‍ക്കും ഇളവുണ്ട്. പമ്പയില്‍നിന്ന് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും സന്നിധാനത്തേക്ക് തീര്‍ഥാടകരെ കയറ്റിവിടുക.

കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിനാണ് സുരക്ഷ ചുമതല. എഡിജിപി എസ്.ആനന്ദകൃഷ്ണനാണ് പൊലീസ് ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐജി അശോക് യാദവും മേല്‍നോട്ടം വഹിക്കും. 10 വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും. കമാന്‍ഡോകളടക്കം 2300 ഓളം പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.