മഞ്ചേശ്വരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാരെ അധിക്ഷേപിച്ച് മുസ്ലിം ലീഗ് എംഎൽഎ പികെ ബഷീർ. മഞ്ചേശ്വരത്ത് യൂത്ത് ലീഗ് യുവജന യാത്രയുടെ വേദിയിൽ സംസാരിച്ചപ്പോഴാണ് പികെ ബഷീറിന്റെ വിവാദ പ്രസംഗം.
“തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പിലാക്കേണ്ടതില്ല,” എന്നായിരുന്നു ശബരിമല വിധിയെ പരാമർശിച്ച് പികെ ബഷീർ പറഞ്ഞത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചത് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ഭരണഘടനാ ബെഞ്ചാണ്.
അഴീക്കോട് എംഎൽഎ ആയിരുന്ന കെഎം ഷാജിയെ അയോഗ്യനാക്കിയ കോടതി വിധിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കളളക്കളി മുസ്ലിം ലീഗ് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലവിളി പ്രസംഗത്തിൽ പികെ ബഷീർ എംഎൽഎയ്ക്ക് എതിരെ പൊലീസ് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ അന്വേഷണം നിലനിൽക്കേയാണ് കോടതിയെ വിമർശിച്ച് പികെ ബഷീർ രംഗത്ത് വന്നിരിക്കുന്നത്.
2008 ലാണ് കൊലവിളി പ്രസംഗത്തിന് ആസ്പദമായ സംഭവം. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠഭാഗം ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രക്ഷോഭം നടത്തിയിരുന്നു.
യൂത്ത് ലീഗ് പ്രവർത്തകർ അരീക്കോട് കിഴിശ്ശേരി ക്ലസ്റ്റര്‍ മീറ്റിങ് കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായിരുന്നു. ഇതിനിടെ പരിശീലനത്തിനെത്തിയ വാലില്ലാപ്പുഴ എഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന് ജെയിംസ് അഗസ്റ്റിൻ അവശ നിലയിലായി. ഇദ്ദേഹം പിന്നീട് മരിച്ചു. പ്രതിഷേധക്കാരുടെ ചവിട്ടേറ്റാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചതെന്ന് സംശയമുയർന്നു.
അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്തു. 14 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിലും കേസെടുത്തു. ഇതാണ് മുസ്ലിം ലീഗ് നേതാവായ പി.കെ.ബഷീറിനെ പ്രകോപിപ്പിച്ചത്.
“ഞാന്‍ അഴീക്കോട് നിന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ചെയ്യാത്തതും കാണാത്തതുമായ സംഭവത്തിൽ കമ്മ്യൂണിസ്റ്റുകാരന് സാക്ഷിപറയാന്‍ പോകരുതെന്ന്. ശങ്കരപണിക്കർ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അത് ഞാനിപ്പോഴും ആവര്‍ത്തിക്കുകയാണ്,” അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
“ഇവിടെ ആലിന്‍ചോട്ടിലുള്ളൊരു കമ്മ്യൂണിസ്റ്റുകാരനുണ്ട്. ഒരു മാര്‍ക്സിസ്റ്റ് മെമ്പര്‍ക്ക് കുട്ട്യാളെ പേര് കൊടുക്കുന്നത്. വളരെ കരുതി നിന്നോളീ. ലിസ്റ്റ് കൊടുക്കുന്ന പൂതി ഇതില്‍ കഴിയും. കാരണം പൊലീസ് വന്ന് നായാട്ട് നടത്തി ഞങ്ങളെ കുട്ട്യാളെ എന്തെങ്കിലും ചെയ്താല്‍ ആദ്യം ഞങ്ങള്‍ നിങ്ങളെയാണ് കൈകാര്യം ചെയ്യുക. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ള കാര്യം ആലോചിക്കൂ. ഇനി മൂന്നാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു വിജയന് എന്നു പറഞ്ഞയാളും കൂടി പേര് കൊടുത്തിട്ടുണ്ട്. ആ വിജയനും അധ്യാപകനാണ്. അധ്യാപകനോട് ഞാന്‍ പറയാം തിരിച്ച് നിങ്ങള്‍ വീട്ടിലെത്തില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല,” അന്നത്തെ പ്രസംഗത്തിൽ പി.കെ.ബഷീറിന്റെ ഭീഷണി തുടർന്നത് ഇങ്ങിനെ.
അന്ന് ആഭ്യന്തര മന്ത്രി ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനായിരുന്നു. പികെ ബഷീറിനെതിരെ അന്ന് പൊലീസ് കേസെടുത്തു. എന്നാൽ പിന്നീട് വന്ന യുഡിഎഫ് സർക്കാർ കേസന്വേഷണം അവസാനിപ്പിച്ചു. പക്ഷെ കേസെടുത്ത് അന്വേഷണം നടത്തണം എന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഈ വിവാദത്തിന് പിന്നാലെയാണ് കെഎം ഷാജിയെ അയോഗ്യനാക്കിയത്.