കൊച്ചി: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് നാമജപയാത്ര വ്യാപിക്കുകയാണ്. ചെങ്ങന്നൂരിൽ പന്തളം രാജകുടുംബത്തിലെ അംഗങ്ങളും ശബരിമലയിലെ തന്ത്രികുടുംബത്തിലെ പ്രതിനിധികളും മറ്റ് 17 ഓളം ഹൈന്ദവ സംഘടനാ പ്രതിനിധികളും നാമജപഘോഷയാത്രയിൽ അണിനിരന്നു.

അയ്യപ്പ ഭക്തജന കൂട്ടായ്മ എന്ന പേരിലുളള ബാനറുമായി നൂറ് കണക്കിന് പേരാണ് ചെങ്ങന്നൂർ നഗരത്തെ സ്തംഭിപ്പിച്ച് നാമജപഘോഷയാത്രയിൽ അണിനിരന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പ്രതിഷേധം തുടരുന്നുണ്ട്. ശബരിമലയിലേക്ക് 10 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യമാണ് ഇവർക്കുളളത്.

ചെങ്ങന്നൂരിൽ സംഘടിപ്പിച്ച നാമജപയാത്രയിൽ നായർ സർവ്വീസ് സൊസൈറ്റിയുടെയും ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെയും സജീവ പ്രവർത്തകരാണ് അണിനിരന്നത്. ഇവർക്ക് പുറമെ അയ്യപ്പ സേവാ സംഘം അടക്കം 17 ഓളം ഹൈന്ദവ സംഘടനകളാണ് പങ്കാളികളായത്. മുന്നിൽ സ്ത്രീകളെ അണിനിരത്തി, മധ്യത്തിൽ അയ്യപ്പ വിഗ്രഹവുമായുളള രഥവും പിന്നിൽ പുരുഷന്മാരുമായാണ് ജാഥ മുന്നേറിയത്.

ചെങ്ങന്നൂർ നഗരത്തെ വലംവെച്ചാണ് ജാഥ മുന്നേറിയത്. ഈ സമയത്ത് ആകാശത്ത് മൂന്ന് ശ്രീകൃഷ്ണ പരുന്തുകൾ പ്രത്യേക്ഷപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹമാണെന്ന് വിശ്വാസികൾ പറഞ്ഞു. നാമജപയാത്ര മുന്നോട്ട് നീങ്ങിയപ്പോഴേക്കും ഈ പരുന്തുകളിൽ ഒന്ന് മാത്രമേ ഈ ഭാഗത്തുണ്ടായിരുന്നുളളൂ.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന വിഷയത്തിൽ തന്ത്രി കുടുംബവുമായി സമവായ ചർച്ചകൾ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രി കുടുംബത്തെ ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറും ഇതിന് മുന്നോടിയായി ഇന്ന് തന്ത്രിമാരെ കാണുന്നുണ്ട്.

കോൺഗ്രസും ബിജെപിയും വിഷയം രാഷ്ട്രീയ ആയുധമാക്കി, സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് പിണറായി വിജയന്റെ നിലപാട്. ഐക്യത്തോടെ മുന്നോട്ട് പോകുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ