കാസര്‍ഗോഡ്: സര്‍ക്കാരിനേയും ഭരണഘടനയേയും വെല്ലുവിളിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി എന്തായാലും ശബരിമലയില്‍ അയ്യപ്പന്റെ വിധിയേ നടക്കൂവെന്നും ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികള്‍ക്ക് പതിനെട്ടാം പടി ചവിട്ടാനാകില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ്, നീതിന്യായ വവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂ. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ല. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികള്‍ക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കാനുള്ള വഴി നോക്കുന്നതാണ് പിണറായി വിജയനും സിപിഎമ്മിനും നല്ലത്.”

വൈകീട്ട് മൂന്ന് മണിക്കാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ഹര്‍ജികള്‍ പരിഗണിക്കുക. ദേവസ്വം ബോര്‍ഡ്, തന്ത്രി, പന്തളം കൊട്ടാരം ഉള്‍പ്പടെ കേസില്‍ കക്ഷികളായിരുന്നവരുടെയും അല്ലാത്തവരുടെയുമായ 48 ഹര്‍ജികളാണ് ഇന്ന് പരിഗണനയ്ക്ക് എടുക്കുന്നത്. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് റിട്ട് ഹര്‍ജികളും സുപ്രീം കോടതി ഇന്ന് കേള്‍ക്കും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ രാവിലെ പരിഗണിക്കുന്നത്.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സെപ്റ്റംബര്‍ 28നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഭുരിപക്ഷ വിധിയായിരുന്നു ഇത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിന്റണ്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു അന്ന് വിധി പ്രസ്താവിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ