മലപ്പുറം: ശബരിമല കർമ്മസമിതിയുടെ ഹർത്താലിൽ കേരളം കണ്ടത് സമാനതകളില്ലാത്ത അക്രമം ആയിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിൽ ബോംബെറിഞ്ഞും അക്രമം നടത്തിയും കലാപകാരികൾ അഴിഞ്ഞാടി. അടുത്ത കാലത്തൊന്നും കാണാത്ത അക്രമങ്ങളാണ് ശബരിമല കർമ്മസമിതിയുടെ ഹർത്താൽ ദിനത്തിൽ കേരളത്തിലുണ്ടായത്.

ബിജെപി – ആർഎസ്എസ് പ്രവർത്തകർ നടത്തിയ മാർച്ചുകൾ പല സ്ഥലത്തും അക്രമാസക്തമായി. പലയിടത്തും പൊലീസിന് നേരെ ബോംബേറും കല്ലേറും ഉണ്ടായി. കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് നേതാവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ബോംബെറിഞ്ഞ ജില്ലാ പ്രചാരക് പ്രവീണായിരുന്നു സിസിടിവിയില്‍ കുടുങ്ങിയത്.

ഇതിന് പിന്നാലെ പൊലീസ് പിടികൂടിയ മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ കൂടി പൊലീസിന് ലഭിച്ചു. പൊന്നാന്നിയില്‍ ഹർത്താൽ ദിനത്തിൽ പൊലീസിനു നേരെയുണ്ടായ അക്രമത്തിൽ കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുൺ കുമാറിനെ (22) ഇതിന് പിന്നാലെ സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിൽ ആശ്രിത നിയമനത്തിനു കാത്തിരുന്നയാളാണെന്ന് ബോധ്യപ്പെട്ടത്. ആശ്രിത നിയമനത്തിനായി നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് അരുൺ കുമാര്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ അക്രമം നടത്തിയവരുടെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ എവി ഹൈസ്കൂളിന് സമീപം പൊലീസിന് നേരെ കല്ലെറിയുകയും വടി എടുത്ത് അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. സംഭവത്തില്‍ അറസ്റ്റ് നടന്നതോടെ അരുൺ കുമാറിന്റെ പൊലീസ് ജോലിയുടെ ഭാവി തുലാസിലായി. കൂടാതെ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക അരുൺ കുമാര്‍ അടക്കമുളളവരില്‍ നിന്നും ഈടാക്കാനും തീരുമാനമായിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ പല സ്ഥലത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ