ചേർത്തല: ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചും പ്രതിഷേധങ്ങളെ വിമർശിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ശബരിമല വിധിക്കെതിരെയുളള അയ്യപ്പ ഭക്തരുടെ പ്രതിഷേധങ്ങൾക്ക് എസ്എൻഡിപി യോഗത്തിന്റെ പിന്തുണയില്ല. സമരം തുടർന്നാൽ സമാന്തര പ്രതിരോധ സമരത്തെ കുറിച്ച് എസ്എൻഡിപി ആലോചിക്കും. തന്ത്രിയും തന്ത്രി കുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹമെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധിക്കെതിരെ തെരുവിൽ ഇറങ്ങിയത് ശരിയായില്ല. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി നിർഭാഗ്യകരമാണ്. വിധി ജനങ്ങൾ അംഗീകരിക്കണം. വിധി മറികടക്കാൻ നടപടി ആലോചിക്കണം. കർമ്മം കൊണ്ടാണ് വിധി മറികടക്കേണ്ടത്. രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാട് ശരിയല്ല. ബിജെപിയുടെ ലക്ഷ്യം വോട്ട് മാത്രമാണ്. കോൺഗ്രസിന്റെ പ്രതിഷേധങ്ങൾക്കുപിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് തിരിച്ചറിയാനുളള വിവേകം ജനങ്ങൾക്കുണ്ടാകണമെന്നും വെളളാപ്പളളി ആവശ്യപ്പെട്ടു.

ശബരിമല വിധിയിൽ സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെയും വെളളാപ്പളളി പിന്തുണച്ചു. മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണ്. പുനഃപരിശോധന ഹർജി സർക്കാരിന് നൽകാൻ കഴിയില്ലെന്നത് വ്യക്തമാണ്. ഇക്കാര്യത്തിൽ സർക്കാർ നിരപരാധിത്വം വ്യക്തമായി തെളിഞ്ഞതാണ്. ഹിന്ദു സംഘടനകളുടെ യോഗം സർക്കാർ വിളിക്കണം. തന്ത്രി കുടുംബം സർക്കാർ വിളിച്ച ചർച്ചയ്ക്ക് പോകാതിരുന്നത് ശരിയല്ലെന്നും വെളളാപ്പളളി പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വാക്കുകളെ വെളളാപ്പളളി വിമർശിച്ചു. ദേവസ്വം പ്രസിഡന്റിന് നിലപാടില്ല. രണ്ട് വളളത്തിലും കാലു വയ്ക്കുന്ന ദേവസ്വം പ്രസിഡന്റ് രാജിവയ്ക്കണം. ദേവസ്വം പ്രസിഡന്റ് എൻഎസ്എസിന്റെ ആളാണോ പാർട്ടിയുടെ ആളാണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും വെളളാപ്പളളി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.