തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ ഉറച്ച് സർക്കാർ. ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് ദർശനത്തിനുളള എല്ലാ സൗകര്യവും സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയിൽ ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സർക്കാർ എല്ലാ സുരക്ഷയും ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്.

സുപ്രീം കോടതി വിധി സർക്കാർ നടപ്പിലാക്കും. കോടതി വിധിക്കെതിരെ നിയമനിർമ്മാണം ഉദ്ദേശിക്കുന്നില്ല. വിധിക്കെതിരെ സർക്കാർ പുനഃപരിശോധന ഹർജി നൽകില്ല. ദേവസ്വം ബോർഡിന്റെ കാര്യം പറയേണ്ടത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ബസ്സിൽ പമ്പയിലേക്ക് പോയ സ്ത്രീകളെ നിലയ്ക്കലിൽ തടഞ്ഞതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. വിശ്വാസികളുടെ വാഹനം തടയരുത്. അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, ശബരിമല സ്ത്രീപ്രവേശനത്തിൽ ദേവസ്വം ബോർഡ് വിളിച്ച സമവായചർച്ച തിരുവന്തപുരത്ത് തുടങ്ങി. പന്തളം രാജകൊട്ടാരം, തന്ത്രി കുടുംബം, അയ്യപ്പ സേവാ സംഘം, ശബരിമലയുമായി ബന്ധപ്പെട്ട മറ്റു സംഘടനകൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.