കോട്ടയം: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പുരുഷനുളള അവകാശം സ്ത്രീയ്ക്കും ഉണ്ടെന്നാണ് എൽഡിഎഫ് നിലപാട്. ആരാധനയുടെ കാര്യത്തിൽ പുരുഷനും സ്ത്രീക്കും തുല്യ അവകാശമുണ്ട്. സുപ്രീം കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. അതിന് കേരളം സാക്ഷ്യം വഹിച്ചതാണ്. മാധ്യമപ്രവർത്തകർ കൂട്ടമായി ആക്രമിക്കപ്പെട്ടു. ഇതിനുമുൻപ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. പരിശീലനം ലഭിച്ച ക്രിമിനലുകളെ കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും സംഘപരിവാർ കൊണ്ടുവന്നു. സംഘവരിവാറിൽതന്നെ എന്തും ചെയ്യാൻ മടിയില്ലാത്തവരുണ്ട്. ആ സംഘവും അവിടെയെത്തി.

പ്രതിഷേധക്കാർ പ്രതിഷേധക്കട്ടെ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പ്രതിഷേധം ആൾക്കാരെ തടയുകയും ഭക്തരെ പരിശോധിക്കുകയും ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് സർക്കാർ ഇടപെട്ടത്. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഘവരിവാറിന്റെ നേതൃത്വത്തിൽ നടന്നത്. ശബരിമലയെ തകർക്കാനുളള നീക്കമാണ് നടക്കുന്നത്.

ഇപ്പോഴത്തെ സമരം കേരള സർക്കാരിന് എതിരെയല്ല. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെയാണ് സമരം. സുപ്രീം കോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കേരളത്തിലെ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. എൽഡിഎഫ് അല്ല മറ്റേത് സർക്കാർ അധികാരത്തിൽ ഇരുന്നാലും അവർക്കൊന്നും ചെയ്യാനാവില്ല. അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് ഇതിൽ ഇടപെട്ട് ഒരു പ്രശ്നപരിഹാരം ഉണ്ടാക്കാൻ കഴിയുമായിരുന്നില്ലേ.

ശബരിമലയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിൽ അയ്യപ്പദർശനം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. അതിനുവേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook