തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രം ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലകാലത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്.

ദേശീയ തീർഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായമാകുമെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നു. ഇതേ തുടർന്നാണ് ഇക്കാര്യം പ്രമേയമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

ശബരിമല തീർത്ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരങ്ങളിൽ പ്രത്യേക കൺട്രോൾ റൂം തുറക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലകയറുന്ന പാതയുടെയും സ്വീമി അയ്യപ്പൻ റോഡിന്റെയും വീതി ഇത്തവണ വർദ്ധിപ്പിച്ചിട്ടുണ്ട്.

സുരക്ഷ-ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയെന്നും ജല മലിനീകരണം ഒഴിവാക്കാൻ സ്വീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് തുറന്നെന്നും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ശബരിമലയിൽ വിവിധ നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

“ദേശീയ തീർഥാടന കേന്ദ്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നടപടികളിൽ മിക്കതും പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള അതിവേഗം പൂർത്തിയാകുകയാണ്. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് തീർഥാടകരെ കൃത്യമായി അറിയിക്കാനാകണം. ഇത്തരം നടപടി യാതൊരു ആചാരത്തിന്റെയും ഭാഗമല്ലെന്നും ഹൈക്കോടതി നിരോധിച്ചാതാണെ”ന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

കൃത്യമായ തിരിച്ചറിയൽ കാർഡ് കരുതാൻ തീർത്ഥാടകരോട് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീർഥാടകർക്ക് ബോധവത്കരണത്തിനായി തയാറാക്കിയ വിവിധ ഭാഷകളിലെ വീഡിയോകൾ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമലയിലേക്കുള്ള ഹൈവേകളിൽ എല്ലാ 50 കിലോമീറ്റർ ദുരത്തിനിടയ്ക്കും തീർഥാടകർക്കായി ഇടത്താവളങ്ങൾ സംസ്ഥാന സർക്കാരും ഓയിൽ കമ്പനികളും ചേർന്ന് ഒരുക്കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം മണ്ഡല മകര വിളക്കിന് ശേഷം സ്വദേശി ദർശൻ പദ്ധതി പ്രകാരം 106 കോടി രൂപയുടെ പദ്ധതികൾ ശബരിമലയിൽ നടപ്പിലാക്കുമെന്ന് അൽഫോൺസ് കണ്ണന്താനം അറിയിച്ചു. ജനുവരി 15 കഴിയുന്നതോടെ വർക്ക് ഓർഡർ നൽകി ആറ് മാസത്തിനകം പണി പൂർത്തീകരിക്കാൻ ശ്രമിക്കും. ശബരിമല സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദേശീയ തീർത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, തെലുങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന സെക്രട്ടറിമാർ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിച്ചു. തങ്ങളുടെ സംസ്ഥാനങ്ങൾക്ക് നൽകാനാവുന്ന സഹായങ്ങളും സഹകരണവും ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കേരളവും അറിയിച്ചു. 59 രാജ്യങ്ങളിൽ നിന്നാണ് ശബരിമലയിലെ കേരള പോലീസിന്റെ വിർച്വൽ ക്യൂവിലേക്ക് രജിസ്‌ട്രേഷൻ വരുന്നതെന്ന് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ