പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത കണക്കിലെടുത്ത് മണ്ഡലകാലത്തിന് തൊട്ടുമുൻപ് സന്നിധാനത്തടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പത്തനംതിട്ട ജില്ല കളക്ടറാണ് തീരുമാനം എടുത്തത്.

സന്നിധാനം മുതൽ ഇലവുങ്കൽ വരെ 30 കിലോമീറ്റർ പരിധിയിലാണ് നിരോധനാജ്ഞ. സന്നിധാനത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചിരുന്നു. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.

ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായിരിക്കും.

നവംബര്‍ 16 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെക്കും എരുമേലിയില്‍ പരിശീലന വിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. ഘട്ടത്തില്‍ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തില്‍ 349 പേരും സി.ഐ തലത്തില്‍ 82 പേരും ഡി.വൈ.എസ്.പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ