പത്തനംതിട്ട: മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ അന്തരീക്ഷം ഇല്ലാത്തതിനാല്‍ സാധാരണ നിലയിലായിരിക്കും സുരക്ഷ. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ അത് ഒഴിവാക്കും. സാധാരണ നിലയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണയുണ്ടാകുക. സ്ത്രീ പ്രവേശനത്തിനു സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തൽക്കാലം ഇത്തവണ ശബരിമലയിൽ വേണ്ടെന്നാണ് പൊലീസ് തീരുമാനം. അതേസമയം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ സുരക്ഷാക്രമീകരണങ്ങളിലും മാറ്റം വരുത്തും.

Read Also: നിലപാട് മയപ്പെടുത്തി ഖാന്‍വില്‍ക്കര്‍; മതവിശ്വാസത്തിലെ കോടതി ഇടപെടൽ തര്‍ക്കവിഷയമെന്ന് ചീഫ് ജസ്റ്റിസ്

ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്‌പി, എഎസ്‌പി തലത്തില്‍ 24 പേരും, 112 ഡിവൈഎസ്‌പിമാരും, 264 ഇന്‍സ്‌പെക്ടര്‍മാരും, 1185 എസ്‌ഐ/എഎസ്‌ഐമാരും സംഘത്തിലുണ്ടാകും.

307 വനിതകള്‍ ഉള്‍പ്പെടെ 8,402 സിവില്‍ പൊലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇന്‍സ്‌പെക്ടര്‍, എസ്‌ഐ തലത്തില്‍ 30 പേരേയും നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവടങ്ങളിലായി 2551 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക. ഇവരില്‍ 3 പേര്‍ എസ്‌പി തലത്തിലുള്ള പൊലീസ് കണ്‍ട്രോളര്‍മാരും രണ്ട് പേര്‍ എഎസ്‌പി തലത്തിലുളള അഡീഷണല്‍ പൊലീസ് കണ്‍ട്രോളര്‍മാരുമാണ്.

Read Also: ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ജസ്റ്റിസ് നരിമാന്‍; ഉപാധികളോടെ നടപ്പിലാക്കേണ്ടതല്ല കോടതി വിധിയെന്നു ചന്ദ്രചൂഡ്

കൂടാതെ ഡിവൈഎസ്‌പി റാങ്കിലുളള 23 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍3 077 പേരും ഡ്യൂട്ടിയിലുണ്ടാകും. കൂടാതെ, തീര്‍ത്ഥാടന കാലത്ത് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 1560 സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.