തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശം തേടിയേക്കും. ഇതുമായി ബന്ധപ്പെട്ട് നാളെ രാവിലെ ചേരുന്ന ബോർഡ് യോഗം തീരുമാനം കൈക്കൊളളും.

മണ്ഡല-മകരവിളക്ക് കാലത്തിന് നാളെയാണ് നട തുറക്കുക. നാളെ തന്ത്രിയുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്.  തന്ത്രികുടുംബവുമായും പന്തളം കൊട്ടാര കുടുംബവുമായും ഇന്ന് വൈകുന്നേരം നടത്തിയ ചർച്ചയിലാണ് ദേവസ്വം  ബോർഡിന് സാവകാശം തേടാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷം പിണങ്ങിപ്പോയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം വന്നത്. സന്നിധാനത്ത് ഉണ്ടാകാനിടയുളള സംഘർഷ സാധ്യത കണക്കിലെടുത്താണ് ദേവസ്വം ബോർഡും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനൊരുങ്ങുന്നത്.

തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചർച്ചയിൽ ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറും, ബോർഡംഗം കെ.പി.ശങ്കരദാസും പങ്കെടുത്തിരുന്നു. തന്ത്രി കുടുംബവും കൊട്ടാരം പ്രതിനിധികളും വിധി നടപ്പിലാക്കുന്നതിന് സർക്കാർ സാവകാശം തേടണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ദേവസ്വം ബോർഡിന് പോകാവുന്നതാണെന്ന് പറയുകയും ചെയ്തു.

ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.