വണ്ടിപ്പെരിയാർ : നവംബർ മാസം പകുതിയാകുമ്പോൾ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ ആർ. വിജയൻ എന്ന ജീപ്പ് ഡ്രൈവറുടെ വീട്ടിലെ അലറാം രാവിലെ മൂന്ന് മണിക്ക് മുഴങ്ങും. ഒരു ദിവസം പോലും തെറ്റാതെ ആ അലാറത്തിന്റെ മുഴക്കത്തിൽ അദ്ദേഹം എഴുന്നേൽക്കും. അമ്പത്തിമൂന്നാം വയസ്സിലും വിജയൻ തന്റെ അലാറത്തിന്റെ താളം തെറ്റാതെ നോക്കുന്നുണ്ട്. രാവിലെ മൂന്ന് മണിയോടെ അദ്ദേഹം തന്റെ ജീപ്പുമായി വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുളള വണ്ടിപ്പെരിയാർ എന്ന ചെറിയപട്ടണത്തിലേയ്ക്ക് എത്തും. തേയില, കാപ്പി തോട്ടങ്ങളുടെ കേന്ദ്രമായ ഈ ചെറുപട്ടണത്തിൽ അദ്ദേഹം ബീഡിക്ക് തീ കൊളുത്തി കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും ഭക്തരുമായി എത്തുന്ന കെ എസ് ആർ ടി സി ബസ്സുകൾക്കായി കാത്തിരിക്കും.

“മണ്ഡല, മകരവിളക്ക് കാലയളവിൽ സ്പെഷ്യൽ ബസ്സുകൾ ഉണ്ടാകും. ഇവിടെ ഇറങ്ങുന്ന തീർത്ഥാടകർ കുറച്ച് സമയം വിശ്രമിക്കും. അതിന് ശേഷം ഞങ്ങളവരെ ജീപ്പുകളിൽ 15കിലോ മീറ്റർ അകലെയുളള സത്രത്തിലെത്തിക്കും. അവിടെ നിന്നും അവർ കഠിനമായ മലകയറ്റം ആരംഭിക്കും. കാട്ടിനുളളിൽ കൂടിയാണ് ആ മലകയറ്റം,” വിജയൻ പറഞ്ഞു.

sabarimala

ശബരിമലയിലേയ്ക്ക് പുൽമേട് വഴി യാത്ര ചെയ്യാനെത്തിയ ഭക്തർ: ഫൊട്ടോ :വിഷ്ണു വർമ്മ

മണ്ഡലകാലത്താണ് ഇതുവഴിയുളള തീർത്ഥാടക സഞ്ചാരം സാധാരണഗതിയിൽ നടക്കാറുളളത്. ശബരിമലയിലേയ്ക്കുളള അധികം ഉപയോഗിക്കാത്ത വഴിയാണിത്. കിഴക്കാം തൂക്കായ മലകയറ്റത്തിന്റെ കാഠിന്യം എന്ന ഭൂമിശാസ്ത്രപരമായ പ്രശ്നം ഉളളപ്പോഴും ശബരിമല സന്നിധാനത്തിലേയ്ക്ക് നേരിട്ടുളള വഴിയാണിത്. പമ്പയിലും നിലയ്ക്കലിലും ഭക്തരുടെ നീണ്ടനിരയുളളതിനാൽ മണ്ഡല കാലത്ത് ഈ വഴി തിരക്ക് കുറവായ വഴിയാണ്. സത്രത്തിൽ നിന്നും പന്ത്രണ്ടര കിലോമീറ്റർ ദൂരമാണ് സന്നിധാനത്തിലേയ്ക്ക്. തുടക്കം രണ്ട് കിലോമീറ്റർ ദൂരത്തോളം കുത്തനെയുളള മലയറണം. പിന്നീട് പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ കൊടുങ്കാടാണ്. ആനയും കാട്ടുപോത്തും കടുവയും എല്ലാം ഈ കാട്ടിലെ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽ തന്നെ അവിടെയുളള വനംവകുപ്പ് ഉദ്യോഗസ്ഥർ മൃഗങ്ങളുടെ സാന്നിദ്ധ്യം ഇല്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് തീർത്ഥാടകരെ കടത്തി വിടുന്നത്. രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് സത്രത്തിൽ നിന്നും തീർത്ഥാടകരെ ഇതുവഴി കടത്തി വിടുന്നത്. കാട്ടിനുളളിലൂടെ രാത്രികാലത്തുളള യാത്ര അനുവദിക്കാറില്ല.

ശനിയാഴ്ച 117 അംഗ പൊലീസ് സംഘം ഇവിടെയത്തിക്കഴിഞ്ഞു. ഈ സീസണിലെ ആദ്യ തീർത്ഥാടക സംഘവും ഇവിടെ എത്തി. പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ച സാഹചര്യത്തിൽ ശബരിമല തീർത്ഥാടനം സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി ഇത്തവണ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന ആണുങ്ങളുടെ പ്രതിഷേധമായിരുന്നു കഴിഞ്ഞ ഒരുമാസത്തിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്നിധാനത്തിൽ ദർശനത്തിയെ സ്ത്രീകൾക്കെതിരെ നിലയ്ക്കലിലും പമ്പയിലും ഉൾപ്പടെ ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ഭൂമാത ബ്രിഗേഡിന്റെ പ്രവർത്തകയായ തൃപ്തിദേശായി ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തി. എന്നാൽ  സംഘപരിവാർ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 17 മണിക്കൂറോളം അവരെ തടഞ്ഞുവെച്ചു.  പിന്നീട് വെളളിയാഴ്ച രാത്രിയോടെ മടങ്ങിപ്പോകേണ്ടി വരുകയും ചെയ്തു.

sabarimala satram route

സത്രത്തിലേയ്ക്കുളള വഴി: ഫൊട്ടോ: വിഷ്ണു വർമ്മ

അത്തരം ഒച്ചപ്പാടുകൾ ഈ വഴിയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സത്രം വഴിയുളള യാത്ര വനിതകളായ തീർത്ഥാടകർ തിരഞ്ഞെടുക്കാറില്ല. സുരക്ഷാ കാരണങ്ങളാലാണ് സ്ത്രീകൾ  ഈ വഴി ഒഴിവാക്കുന്നതെന്ന് ഉദ്യോഗസ്ഥർ.

പക്ഷേ, സാധ്യതകളൊന്നും ഞങ്ങൾ തളളിക്കളയുന്നില്ല. ആരെങ്കിലും സ്ത്രീകൾ സമീപിച്ചാൽ അവർക്ക് സുരക്ഷ ഒരുക്കും. വണ്ടിപ്പെരിയാറിൽ ആർ എസ് എസ് ശക്തമാണ്. അവർക്ക് എല്ലാം അറിയാൻ സാധിക്കുന്നുണ്ട്. അതിനാലാണ് ഞ്ഞങ്ങൾ പത്ത് വനിതാ പൊലീസിനെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. സത്രത്തിലെ ചുമതല വഹിക്കുന്ന ഒരു ഇന്റലിജൻസ് ഓഫീസർ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

Read in English Logo Indian Express

സുപ്രീം കോടതി വിധി മാത്രമല്ല, സത്രം വഴിയുളള തീർത്ഥാടക സഞ്ചാരത്തെ കൂടുതൽ ജാഗ്രതയോടെ പൊലീസ് സമീപിക്കുന്നതിന് മറ്റൊരു കാരണമുണ്ട്. 2011 ൽ സത്രത്തിനും സന്നിധാനത്തിനും ഇടയിലുളള പുൽമേടിലുണ്ടായ ദുരന്തമാണ് അതിന് കാരണം. 102 പേരുടെ ജീവനാണ് അന്ന് നഷ്ടമായത്. അതോടെയാണ് ഇതുവഴിയുളള തീർത്ഥാടക സഞ്ചാരത്തിന് കൂടുതൽ കൃത്യയുളള മാനദണ്ഡങ്ങൾ മാർഗനിർദ്ദേശങ്ങളുമുണ്ടായത്.

ആ ദുരന്തം ഇന്നും പലരിലും വേദനാജകമായ ഓർമ്മയാണ്.

“ഇന്ന് ഇവിടെ കാണുന്നതിന്റെ പകുതി പൊലീസ് ഉണ്ടായിരുന്നുവെങ്കിൽ അന്ന് ആ അപകടം സംഭവിക്കില്ലായിരുന്നു. നിരവധി നിഷ്കളങ്കരായ തീർത്ഥാടകർ മരണമടയില്ലായിരുന്നു. ഒരു തുളളി രക്തം വീണില്ല, സ്വാമിമാരെല്ലാം ശ്വാസംമുട്ടിയാണ് മരണമടഞ്ഞത്,” അന്ന് പുല്ലുമേടിലേയ്ക്ക് തീർത്ഥാടകരെ കൊണ്ടുപോയ വിജയൻ ഓർമ്മിക്കുന്നു.

അന്ന് വാഹനങ്ങൾക്ക്, മറ്റൊരു വഴിയിലൂടെ പുൽമേടുവരെ പോകാമായിരുന്നു.പക്ഷേ അന്നത്തെ അപകടത്തിന് ശേഷം വാഹനങ്ങൾക്ക് നിരോധനം വന്നു. നിരവധി ജീപ്പ് ഡ്രൈവർമാരുടെ ജീവിതമാർഗത്തെയാണ് അത് ബാധിച്ചത്. തീർത്ഥാടനത്തെ ആശ്രയിച്ച് ജീവിക്കുന്ന വിജയനെ പോലെ നിരവധി ഡ്രൈവർമാരുണ്ട് ഇവിടെ.

“അത് തീർത്ഥാടകർക്ക് അത്ര കഠിനമായ വഴിയല്ലാതിരുന്നതിനാൽ ഏറെ പ്രചാരമുളളതായിരുന്നു. അക്കാലത്ത് ഒരു ദിവസം ഞാൻ നാല് ട്രിപ്പ് നടത്തുമായിരുന്നു. ഇന്ന് വരുമാനം വളരെയധികം ഇടിഞ്ഞിരിക്കുന്നു,” വിജയൻ പറഞ്ഞു.

satram sbramanya kshtram

സത്രത്തിന് സമീപത്തുളള ക്ഷേത്രം: ഫൊട്ടോ: വിഷ്ണു വർമ്മ

കഴിഞ്ഞ വർഷം ഭൂരിപക്ഷം പേരും പമ്പ ബേസ് ക്യാമ്പ് വഴിയാണ് പോയത്. ഏകദേശം 47,000 തീർത്ഥാടകർ മാത്രമാണ് സത്രത്തിലൂടെയുളള വഴിയിൽ യാത്ര ചെയ്തത്. തമിഴ് നാട്ടിൽനിന്നും തെക്കൻ കേരളത്തിൽ നിന്നുമുളളവരാണ് ഇതുവഴിയുളള യാത്ര തിരഞ്ഞെടുത്തതിൽ ഭൂരിപക്ഷവും. എന്നാൽ പൊലീസ് ഓഫീസർമാർ ഇത്തവണ ഇതുവഴി കൂടുതൽ തീർത്ഥാടകർ വരുമെന്ന് കണക്കുകൂട്ടുന്നു. നിലയ്ക്കലിലെ ഗതാഗത നിയന്ത്രണമാണ് അവരുടെ കണക്കുകൂട്ടലിന് പിന്നിൽ.

തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ അനൂപ് എന്ന ഇരുപത്തിനാലുകാരൻ പതിമൂന്നംഗ സംഘത്തോടൊപ്പമാണ് സത്രത്തിലെത്തിയത്. കാട് വഴിയുളള യാത്ര പ്രചോദനകരമായ ഒന്നാണെന്ന് അനൂപ് പറയുന്നു.

“കഴിഞ്ഞ എട്ട് വർഷമായി ഇതുവഴിയാണ് സന്നിധാനത്തിലേയ്ക്ക് പോകുന്നത്. വൈകുന്നേരത്തോടെ സന്നിധാനത്തിലെത്തും. രാത്രിയിൽ പ്രാർത്ഥിച്ച് രാവിലെ പമ്പ വഴി മടങ്ങും,” അനൂപ് പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.