പത്തനംതിട്ട: യുവതീ പ്രവേശന വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു ശബരിമല തീർഥാടന കാലം സമാപിച്ചു. ഗണപതി ഹോമം കഴിഞ്ഞ് ദര്‍ശനം പൂര്‍ത്തിയാക്കി രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങിയതോടെയാണ് മകരമാസ പൂജകള്‍ക്ക് സമാപനമായത്. ഇനി കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം ശബരിമല നട തുറക്കും.
ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീർഥാടനകാലത്തിനു സമാപനം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പയിൽനിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. രാത്രി കൂടി മാത്രമേ ഭക്തർക്കു ക്ഷേത്രത്തിൽ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.
മണ്ഡല മകരവിളക്കുത്സവം അവസാനിച്ച് മകരമാസ പൂജയ്ക്ക് നട തുറന്നപ്പോഴും സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി ഹരിവരാസനം പാടി നടയടച്ചതോടെ ഭക്തര്‍ക്കുള്ള ദര്‍ശനം അവസാനിച്ചു.തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നല്കി.
ശേഷം മേല്‍ശാന്തി ക്ഷേത്രത്തിന്റെ നടയടച്ച് ശ്രീകോവിലിന്റെ താക്കോല്‍ പന്തളം രാജകുംടുംബാംഗത്തിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങിയ രാജാവ് ഇനിയുള്ള ഒരു വര്‍ഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏല്‍പ്പിച്ചു. പിന്നീട് തിരുവാഭരണവുമായി മലറയിറങ്ങി. ഇനി അടുത്ത മലയാളമാസം ഒന്നിന്ന് മാസ പൂജയ്ക്കായി നടതുറക്കും.