സന്നിധാനം: കണ്ണൂരിൽ നിന്നുളള ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ 18-ാം പടി കയറിയതും 18-ാം പടിയിൽ പുറംതിരിഞ്ഞ് നിന്നതും ചൂണ്ടിക്കാട്ടിയാണ് ആചാരലംഘനം നടന്നതായി ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.

ആചാരലംഘനം നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ് പറഞ്ഞു. ആചാര സംരക്ഷണം എന്ന പേരിൽ സന്നിധാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ പലതും ആചാരലംഘനമാണെന്ന് ശങ്കരദാസ് പറഞ്ഞു. സന്നിധാനത്ത് അമ്പത് വയസിൽ കൂടുതൽ പ്രായമായ സ്ത്രീകളെ തടഞ്ഞുവയ്ക്കുന്നതും ആചാര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും കൂട്ടാളികളും ഇന്നലെയാണ് മല കയറിയത്. എന്നാൽ തങ്ങൾ ഇന്നലെ മല കയറിയപ്പോൾ 18-ാം പടിയിലൂടെയല്ല മല കയറിയതെന്നും ഇന്ന് അക്രമാസക്തരായ ആളുകളെ ശാന്തരാക്കാനാണ് 18-ാം പടിയിൽ കയറിയതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞിരുന്നു. ആചാര ലംഘനം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അയ്യപ്പന് മുന്നില്‍ മാപ്പ് പറയാമെന്നും തില്ലങ്കേരി പറഞ്ഞു.

ശബരിമലയിലെ പ്രതിഷേധത്തിനിടയില്‍ സന്നിധാനത്ത് പൊലീസിനെ സഹായിക്കുകയാണ് ചെയ്തതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. സ്ഥിതി ശാന്തമാക്കാനാണ് ഇടപെട്ടതെന്നും ആര്‍എസ്എസ് നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പ്രതികരിച്ചു.

ഭക്തരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസല്ലാതെ മറ്റുള്ളവര്‍ പരിശോധിക്കുന്നത് തെറ്റാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പ്രശ്‌നം ഇല്ലാതാക്കാനാണ് പതിനെട്ടാം പടിക്കെട്ടുകളില്‍ നിന്ന് ആഹ്വാനം ചെയ്ത്. ആഹ്വാനം നല്‍കിയത് പൊലീസിന്റെ മൈക്കിലൂടെയാണോയെന്നറിയില്ലെന്നും പ്രവര്‍ത്തകര്‍ തന്ന മൈക്കാണ് ഉപയോഗിച്ചതെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു. യുവതി പ്രവേശത്തെ എതിര്‍ക്കുന്ന തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം ശക്തമാകുന്ന സമയങ്ങളില്‍ ആര്‍എസ്എസ് നേതാക്കളുടെ സഹായമാണ് പൊലീസ് തേടുന്നത്. ഇതിന്റെ വീഡിയോ ആണ് നേരത്തെ പുറത്തുവന്നത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസിനെ സാക്ഷിയാക്കി പൊലീസ് മെഗാഫോണിലൂടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന വീഡിയോ വിവാദമായി മാറിയിരിക്കുകയാണ്.

”10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് ദര്‍ശനം നടത്താനുളള സൗകര്യം ഒരുക്കണം. അതിനിടയില്‍ പ്രായമുളളവര്‍ എത്തിയാല്‍ അവരെ തടയാനുളള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്, നമ്മുടെ വോളന്റിയര്‍മാരുണ്ട്. പമ്പ മുതല്‍ അതിനുളള സംവിധാനമുണ്ട്. അതു കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റിയില്ല. ആവശ്യമില്ലാതെ ആരും വികാരഭരിതരാവരുത്”, വീഡിയോയില്‍ തില്ലങ്കേരി പ്രതിഷേധക്കാരോടായി പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.