/indian-express-malayalam/media/media_files/uploads/2018/11/rss-leader.jpg)
സന്നിധാനം: ശബരിമലയിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിയാതെ പൊലീസ്. സന്നിധാനം, നടപ്പന്തൽ അടക്കമുളള പ്രദേശങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിലല്ല. ഇവിടെയെല്ലാം ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ നിയന്ത്രണത്തിലാണ്. നിരോധനാജ്ഞ ഉളള പ്രദേശങ്ങളിൽപോലും പ്രതിഷേധക്കാർ സംഘം ചേർന്ന് നിൽക്കുന്നുണ്ട്.
പ്രതിഷേധം ശക്തമാകുന്ന സമയങ്ങളിൽ ആർഎസ്എസ് നേതാക്കളുടെ സഹായമാണ് പൊലീസ് തേടുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പൊലീസിനെ സാക്ഷിയാക്കി പൊലീസ് മെഗാഫോണിലൂടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകുന്ന വീഡിയോ വിവാദമായിട്ടുണ്ട്.
''10 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകൾ എത്തിയാൽ അവർക്ക് ദർശനം നടത്താനുളള സൗകര്യം ഒരുക്കണം. അതിനിടയിൽ പ്രായമുളളവർ എത്തിയാൽ അവരെ തടയാനുളള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്, നമ്മുടെ വോളന്റിയർമാരുണ്ട്. പമ്പ മുതൽ അതിനുളള സംവിധാനമുണ്ട്. അതു കടന്നിട്ട് ആർക്കും ഇങ്ങോട്ട് വരാൻ പറ്റിയില്ല. ആവശ്യമില്ലാതെ ആരും വികാരഭരിതരാവരുത്'', വീഡിയോയിൽ തില്ലങ്കേരി പ്രതിഷേധക്കാരോടായി പറഞ്ഞു.
ഐജി, എസ്‌പി, ഡിവൈഎസ്‌പി റാങ്കിലുളള ഉദ്യോഗസ്ഥരും 1200 ഓളം പൊലീസുകാരും കമാൻഡോകളും ശബരിമലയിലുണ്ട്. ഇവരെല്ലാം തന്നെ വെറു കാഴ്ചക്കാരാവുന്ന അവസ്ഥയാണ് നിവലിൽ ശബരിമലയിലുളളത്. പൊലീസിന്റെ പൂർണ നിയന്ത്രണത്തിലുളള പ്രദേശത്താണ് മാധ്യമപ്രവർത്തകരടക്കം ആക്രമിക്കപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.