തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്‍എസ്എസിന്റെ ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. കേരളം ഒറ്റക്കെട്ടായി അക്രമങ്ങളെ അപലപിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ആര്‍എസ്എസ്-ബിജെപി അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ പുതിയ രീതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ഇവര്‍ തടയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് തുടര്‍ന്ന് സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ഇതുവരെ 3178 പേരാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്ത്. ഇതില്‍ 487 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2191 പേര്‍ക്ക് ജാമ്യം ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook