തിരുവനന്തപുരം: ജനുവരി ഒന്നിന് വിവിധ സമുദായ സംഘടനകളുടെ സഹകരണത്തോടെ സർക്കാർ തീർക്കുന്ന പെൺ മതിലിൽ എൻഎസ്എസും യുഡിഎഫും സഹകരിക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. നവോത്ഥാന മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എൻഎസ്എസ് പിന്തുടരണം എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി യുഡിഎഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഹകരിക്കണം എന്നും ആവശ്യപ്പെട്ടു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തിയാണ് പെൺ മതിൽ തീർക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിഷേധങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് സർക്കാരിന്റെ ശ്രമം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ മാത്രം സംഘടിപ്പിച്ചാണ് നവോത്ഥാന പെൺ മതിൽ നിർമ്മിക്കുന്നത്. സ്ത്രീ–പുരുഷ സമത്വത്തിനുള്ള സർക്കാർ പരിപാടിയാണ് ഇതെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും കോടിയേരി പറഞ്ഞു.

പ്രമുഖ സംഘടനകളായ എസ്എൻഡിപിയും കെപിഎംഎസും ആണ് നവോത്ഥാന സദസിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സാമൂഹിക-സാമുദായിക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പെൺ മതിലിന്റെ വിജയത്തിനായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയർമാനും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ കൺവീനറും ആയി സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുത്തിരുന്നില്ല. എൻഎസ്എസ് വരേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

അതേസമയം പെൺ മതിൽ, പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. ഇതിന് പിന്നാലെ സർക്കാർ സംസ്ഥാനത്ത് ജാതീയമായ വേർതിരിവുകൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് എൻഎസ്എസും പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.