തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം അപ്രസക്തമാകുന്നതായി ആക്ഷേപം. മുന്‍നിര നേതാക്കള്‍ തന്നെ സമരത്തോട് വിമുഖത കാട്ടുന്നതായാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആരോപണം. ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍നിര നേതാക്കന്മാരെ കിട്ടാത്ത അവസ്ഥയായി. ആറാമത്തെയാളായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി രമയാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. ശബരിമലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടതോടെ സമരം അപ്രസക്തമായെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയത് പാര്‍ട്ടിയില്‍ ചേരിതിരിവ് ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓരോ ദിവസവും ഓരോ ജില്ലക്കും ചുമതല നൽകിയായിരുന്നു ക്രമീകരണം. എന്നാൽ സര്‍ക്കാര്‍ സമരം ഉണ്ടെന്ന് പോലും കണക്കാക്കാതിരുന്നത് ബിജെപിക്ക് ക്ഷീണമായി. ജയില്‍വാസം കഴിഞ്ഞ് കെ.സുരേന്ദ്രന്‍ നിരാഹാരസമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്,വി.മുരളീധരന്‍ തുടങ്ങിയ നേതാക്കളാരും സമരസന്നദ്ധരാകാത്തതും തിരിച്ചടിയായി.

സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെതിനെ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്. ബി.ജെ.പി ശബരിമല യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുന്ന 22 വരെ സമരം മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനം. കഴിഞ്ഞ മാസം മൂന്നിനാണ് ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബി.ജെ.പി സമരം തുടങ്ങിയത്. പീരുമേട് മുൻ എം എൽ എയും എ.ഐ.സി.സി അംഗവുമായ ഇ.എം അഗസ്തി ബിജെപിയുടെ സമര പന്തലില്‍ എത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.