/indian-express-malayalam/media/media_files/uploads/2018/10/sabarimala.jpg)
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ ഈ മാസം 22 ന് പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ഇന്ദു മൽഹോത്ര അവധിയിലായതിനാലാണ് റിവ്യൂ ഹർജികൾ മാറ്റുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. അതേസമയം, ഹർജികൾ ഇനി എന്നാണ് പരിഗണിക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയില്ല.
ശബരിമലയുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഈ മാസം 22 ന് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നായിരുന്നു അറിയിച്ചത്. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര, റോഹിൻടൺ നരിമാൻ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന ചരിത്രവിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത്. അയ്യപ്പ വിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. മതത്തിലെ വിശ്വാസം ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല. സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. ആർത്തവത്തിന്റെ പേരിൽ പ്രാർത്ഥിക്കാനുളള അവകാശം നിഷേധിക്കരുത് തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.