ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ജനുവരി 13ന് പരിഗണിക്കും. 9 അംഗ ഭരണഘടന ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹർജികളും സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
കക്ഷികളോട് നാലു സെറ്റ് രേഖകൾ കൂടി ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം രേഖകൾ കൈമാറാനായിരുന്നു നോട്ടീസിലെ നിർദേശം. നവംബർ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യാതെയായിരുന്നു സുപ്രീംകോടതി തീരുമാനം.
ഇതിന് ശേഷം ശബരിമല ദര്‍ശനത്തിനു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണു രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വിഷയത്തില്‍ സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. ഇപ്പോള്‍ ഒരിടപെടലും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വിഷയം വിശാല ബഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു.