കൊച്ചി: മണ്ഡല-മകരവിളക്ക് കാലത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ദർശനത്തിന് സംവിധാനമൊരുക്കണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.

ആരോഗ്യവകുപ്പും പൊലീസും ഫയർഫോഴ്‌സും ദേവസ്വം ബോർഡും ദുരന്തനിവാരണ അതോറിറ്റിയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. തന്ത്രിക്കും ജീവനക്കാർക്കും പൊലീസിനും ഭക്തർക്കും കോവിഡ് പോസിറ്റീവാനുള്ള സാധ്യത കണക്കിലെടുത്ത് സംവിധാനങ്ങൾ ഒരുക്കണം.

നിയന്ത്രണങ്ങൾ പാലിച്ചുള്ള ഒരുക്കങ്ങൾ ഭക്തർക്കിടയിൽ എത്തിക്കണം. സർക്കാരും ദേവസ്വം ബോർഡും വൻതോതിൽ പ്രചാരണം നൽകണം. മാർഗനിർദേശങ്ങൾ തെക്കൻ സംസ്ഥാനങ്ങളെ അറിയിക്കണം.

ദർശനത്തിന് വെർച്ച്വൽ ക്യൂ സംവിധാനം വേണം. രജിസ്ട്രേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. അറുപത് വയസിന് മുകളിലുള്ളവരേയും പത്ത് വയസിൽ താഴെയുള്ള കുട്ടികളേയും ഒഴിവാക്കണം.

Read Also: Navaratri 2020: ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ആരംഭം

സന്നിധാനത്തേക്ക് പ്രവേശനത്തിന് സമയക്രമം നിശ്ചയിക്കണം. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് വിടരുത്. ഭക്തരുടെ നീണ്ട നിര ഒഴിവാക്കണം. നിലയ്‌ക്കലിൽ അടക്കം ആരോഗ്യ പരിശോധന സൗകര്യങ്ങൾ ഏർപ്പെടുത്തണം.

വെർച്വൽ ക്യൂ പരിശോധനാ കേന്ദ്രങ്ങളിൽ ഭക്തർക്ക് കെഎസ്ആർടിസി ടിക്കറ്റുകൾ നൽകണം. പമ്പയിലും എരുമേലിയിലും കുളി ഒഴിവാക്കണം. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും വിരിവയ്‌ക്കൽ സൗകര്യം പാടില്ല. പമ്പയിൽ തിരക്ക് ഒഴിവാക്കുന്നതിന് കെട്ടുനിറ ഒഴിവാക്കണം.

ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തർക്ക് സാമൂഹിക അകലം കർശനമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.