ദുബായ്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് മാറ്റി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം പുതിയ നിലപാട് പ്രഖ്യാപിച്ചത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട്​ കേരളത്തിലെ നേതാക്കളുമായി സംസാരിച്ചതിന്​ ശേഷമാണ്​ കൂടുതൽ കാര്യങ്ങൾ മനസ്സിലായതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിലുള്ള അഭിപ്രായമല്ല ഇപ്പോൾ തനിക്കുള്ളതെന്ന്​ രാഹുൽ പറഞ്ഞു. ‘ഇത് വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. സ്​ത്രീ-പുരുഷ സമത്വം സംരക്ഷിക്കണമെന്ന​ കോടതി നിലപാട് പ്രസക്​തമാണ്​. സുപ്രീം കോടതി വിധിയെ കുറിച്ച്​ സംസാരിക്കാനില്ല. എന്നാല്‍ വിശ്വാസികള്‍ ഉയര്‍ത്തുന്ന ആചാരസംരക്ഷണവും തളളിക്കളയാനാവില്ല. തീരുമാനങ്ങള്‍ എടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിട്ടു കൊടുക്കുകയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. എന്നാൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്​ യുപിയിൽ ഒറ്റയ്ക്ക്​ മത്സരിക്കുമെന്നും രാഹുൽ പ്രതികരിച്ചു. സ്വന്തം രാഷ്​ട്രീയം ഉയർത്തിപ്പിടിച്ച്​ പോരാടും. എസ്​പിയും ബിഎസ്​പിയും കോൺഗ്രസിനോട്​ ആശയപ്പൊരുത്തമുള്ള പാർട്ടികളാണ്​. എന്നാൽ അവർ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും അതിനെ ബഹുമാനിക്കണമെന്നും രാഹുൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ